പാലക്കാട്:   കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പൂർണ്ണമായി അടച്ചിടൽ പ്രഖ്യാപിച്ച തദ്ദേശസ്ഥാപനങ്ങളിൽ നിന്നും അമ്പലപ്പാറ, ലക്കിടി-പേരൂർ, നാഗലശ്ശേരി, പട്ടിത്തറ, കോങ്ങാട് എന്നീ ഗ്രാമപഞ്ചായത്തുകളെയും മണ്ണാർക്കാട് നഗരസഭയെയും ഒഴിവാക്കി ജില്ലാ കലക്ടർ മൃൺമയി ജോഷി ഉത്തരവിട്ടു.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിൽ കുറഞ്ഞ സാഹചര്യത്തിലാണ് ഈ പ്രദേശങ്ങളെ പൂർണ്ണമായ അടച്ചിടലിൽ നിന്നും ഒഴിവാക്കിയത്. അതേസമയം, സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഇവിടെ തുടരും. കൂടാതെ, കണ്ടെയ്ൻമെന്റ് സോണുകൾ നിലവിലുണ്ടെങ്കിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റി പ്രഖ്യാപിച്ചിട്ടുള്ള നിയന്ത്രണങ്ങളും ഇവിടെ ബാധകമായിരിക്കും.
മേൽ സ്ഥലങ്ങളിൽ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വർദ്ധിക്കുന്ന സാഹചര്യം തുടർന്നും ഉണ്ടായാൽ വീണ്ടും പൂർണ്ണമായി അടച്ചിടുന്നതിനുള്ള നടപടികൾ ജില്ലാ ദുരന്തനിവാരണ അതോറിറ്റി സ്വീകരിക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.