പാലക്കാട്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ലോക്ക് ഡൗണിൽ പൂർണമായും അടച്ചിട്ടുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, കണ്ടൈൻമെൻറ് സോണുകൾ ഒഴികെയുള്ള സ്ഥലങ്ങളിൽ ഇളവുകൾ അനുവദിച്ചതായി ജില്ലാ കളക്ടർ മൃണ്മയി ജോഷി അറിയിച്ചു.
മറ്റു സ്ഥലങ്ങളിലെ പ്രധാന ഇളവുകൾ ഇപ്രകാരം
1. വ്യവസായസ്ഥാപനങ്ങൾ, ഉത്പാദന കേന്ദ്രങ്ങൾ എന്നിവ 50 ശതമാനം ജീവനക്കാരെ ഉൾപ്പെടുത്തി തുറന്നു പ്രവർത്തിക്കാം.
2. വ്യവസായ ആവശ്യങ്ങൾക്ക് വേണ്ടി പാക്കിംഗ് മെറ്റീരിയൽസ് ഉൾപ്പെടെയുള്ള അസംസ്കൃതവസ്തുക്കൾ വിൽപന നടത്തുന്ന കടകൾ, സ്ഥാപനങ്ങൾ എന്നിവ ചൊവ്വ, ശനി ദിവസങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ച് വരെ തുറന്നു പ്രവർത്തിക്കാം.
3. ബാങ്കുകൾ, മറ്റു ധനകാര്യ സ്ഥാപനങ്ങൾ എന്നിവ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം അഞ്ച് വരെ തുറന്നു പ്രവർത്തിക്കാം. മെമ്പർ ബാങ്കുകളുടെ ക്ലിയറൻസ് ഹൗസുകൾ എല്ലാദിവസവും പ്രവർത്തിക്കാം. കണ്ടൈൻമെന്റ് സോണുകളിലും പൂർണമായി അടച്ചിട്ടിട്ടുള്ള പ്രദേശങ്ങളിലും 50 ശതമാനം ജീവനക്കാരെ മാത്രം ഉൾപ്പെടുത്തി ഉച്ചയ്ക്ക് 2 വരെ തുറന്നു പ്രവർത്തിക്കാം.
4. ജില്ലാ ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള നിബന്ധനകൾ പാലിച്ച് തുണി കടകളും സ്വർണക്കടകളും ചെരിപ്പു കടകളും തുറന്നു പ്രവർത്തിക്കാം.
5. വിദ്യാർഥികളുടെ പഠനോപകരണങ്ങൾ വിൽപ്പന നടത്തുന്ന കടകൾ രക്ഷിതാക്കൾക്ക് മാത്രം പ്രവേശനം അനുവദിച്ച് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ പ്രവർത്തിക്കാം.
6. കള്ളുഷാപ്പുകളിൽ പാഴ്സൽ സർവീസ് മാത്രം വൈകുന്നേരം അഞ്ചുവരെ അനുവദിക്കും.
7. നാഷണൽ സ്കീം പ്രകാരമുള്ള ആർ.ഡി കലക്ഷൻ ഏജന്റുമാർക്ക് ചൊവ്വ, വെള്ളി ദിവസങ്ങളിൽ കളക്ഷൻ തുക അടയ്ക്കാം.
ഇളവുകൾ അനുവദിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും കടകളിലും കോവിഡ് പ്രോട്ടോകോൾ കർശനമായും പാലിക്കണം. ഇത് ഉറപ്പുവരുത്താൻ ജില്ലാ പോലീസ് മേധാവി, സെക്ടറിൽ മജിസ്ട്രേറ്റ് എന്നിവർക്ക് ജില്ലാ കലക്ടർ നിർദ്ദേശം നൽകി.