കോഴിക്കോട്:   കോവിഡ് നിയന്ത്രണ വിധേയമാകാത്തതിനാൽ ഈ അധ്യയനവർഷത്തെ പ്രവേശനോത്സവം ഇന്ന് (ജൂൺ 1 ) ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ സംസ്ഥാന തലത്തിലും സ്കൂൾ തലത്തിലും സംഘടിപ്പിക്കും.

കുട്ടികൾക്ക് പ്രചോദനം നൽകുന്ന തരത്തിലുള്ള വിവിധ പരിപാടികളാണ് ജില്ലയിൽ ആസൂത്രണം ചെയ്തിട്ടുള്ളത്. പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്, വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ തുടങ്ങിയവരുടെ സന്ദേശങ്ങൾ എല്ലാ സ്കൂളുകളിലും ഓൺലൈൻ വഴി പ്രദർശിപ്പിക്കും.

സ്കൂളിൽ നേരിട്ട് പോവാൻ സാധിക്കാത്ത സാഹചര്യമാണെങ്കിലും ഉത്‌സവ പ്രതീതിയിൽ തന്നെയാകും സ്കൂൾ പ്രവേശനം ഇത്തവണയും നടക്കുക.

കുട്ടികൾക്ക് ഓൺലൈനായി കലാപരിപാടികൾ അവതരിപ്പിക്കാം. മുൻകൂട്ടി റെക്കോർഡ് ചെയ്ത പാട്ടും കഥ പറയലുമാണ് ഓരോ സ്കൂളിലും പ്രദർശിപ്പിക്കുക. കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയങ്ങളിൽ ക്ലാസ് അടിസ്ഥാനത്തിൽ ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ ഓൺലൈനായി പ്രവേശനോത്സവം സംഘടിപ്പിക്കും. ഇതിനായി വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ ഉപയോഗിക്കും.

ജില്ലാതലത്തിൽ ആർഡിഡി, ഡിഡിഇ , എഡി, ഡിപിസി (എസ് എസ് കെ) എന്നിവരുടെ നേതൃത്വത്തിൽ ജില്ലയിലെ എംപിമാർ , എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എന്നിവർ പ്രവേശനോത്സവത്തിന്റെ ഭാഗമായുള്ള പരിപാടികളിൽ ഓൺലൈനായി പങ്കെടുക്കും. സ്കൂൾ തലത്തിൽ ഓൺലൈനായി സംഘടിപ്പിക്കുന്ന പ്രവേശനോത്സവ പരിപാടികളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ പങ്കെടുക്കും.