കൊല്ലം: പുതിയ അധ്യയനവര്‍ഷത്തിന് ജില്ലയില്‍ തുടക്കമായി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മന്ത്രിമാരും മറ്റ് ജനപ്രതിനിധികളും ജില്ലയില്‍ വിവിധ ഇടങ്ങളില്‍ വെര്‍ച്വല്‍ പ്രവേശനോത്സവത്തിന് ഓണ്‍ലൈന്‍ ആയി നേതൃത്വം നല്‍കുകയും വിദ്യാര്‍ഥികള്‍ക്ക് ആശംസകള്‍ അറിയിക്കുകയും ചെയ്തു.
ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ അധ്യാപകരില്‍ നിന്ന് പാഠങ്ങള്‍ പഠിക്കുന്നതിനോടൊപ്പം പൗരബോധമുള്ള വ്യക്തികള്‍ ആയി വളരാന്‍ വിദ്യാര്‍ത്ഥികള്‍ പരിശ്രമിക്കണമെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ പറഞ്ഞു. കൊട്ടാരക്കര മണ്ഡലത്തില്‍ സ്‌കൂള്‍തല പ്രവേശനോത്സവത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
പുസ്തകങ്ങള്‍ വായിക്കാനും വ്യായാമം ചെയ്യാനും വീട്ടുജോലികളില്‍ മാതാപിതാക്കളെ സഹായിക്കാനും കുഞ്ഞുങ്ങള്‍ തയ്യാറാകണമെന്നും അഭിരുചികള്‍ വര്‍ദ്ധിപ്പിക്കാനും പുതിയ കാര്യങ്ങള്‍ പഠിച്ചെടുക്കാനുമുള്ള അവസരമായി ലോക്ക് ഡൗണ്‍ കാലത്തെ കാണണമെന്നും ആശംസാ സന്ദേശത്തില്‍ മന്ത്രി പറഞ്ഞു. ചടയമംഗലം ഗവ.യു.പി.എസിലെ വെര്‍ച്വല്‍ പ്രവേശനോത്സവത്തിന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി നേതൃത്വം നല്‍കി. കോവിഡ് നിയന്ത്രണവിധേയമാകുന്നതോടെ വരും നാളുകളില്‍ കുട്ടികള്‍ക്ക് സ്‌കൂളില്‍ പോയി പഠിക്കുന്നതിനുള്ള സാഹചര്യങ്ങള്‍ സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.