ആലപ്പുഴ: ജില്ലയില്‍ കോവിഡ് വാക്സിനേഷന്‍ ലഭിക്കുന്നതിനുളള മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 1505 ഭിന്നശേഷിക്കാര്‍ക്ക് വാക്സിനേഷന്‍ നല്കി. സാമൂഹ്യ നീതി വകുപ്പിന്‍റെയും ആരോഗ്യ വകുപ്പിന്‍റെയും ആഭിമുഖ്യത്തില്‍ വനിതാശിശുവികസനവകുപ്പിന്‍റെയും കോവിഡ് ബ്രിഗേഡ് സന്നദ്ധസേനയുടെയും പിന്‍തുണയോടെയാണ് ആദ്യഘട്ടത്തില്‍ പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചത്. ജില്ലയിലെ പി.എച്ച്.എസ്.സി, സി.എച്ച്.സി, താലൂക്ക് ഹോസ്പിറ്റലുകള്‍, ജനറല്‍ ഹോസ്പിറ്റലുകള്‍ എന്നിവടങ്ങളിലായാണ് വാക്സിനേഷനുവേണ്ടി പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

അംഗനവാടി വര്‍ക്കര്‍ മാരും, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാരും കോവിഡ് ബ്രിഗേഡ് സന്നദ്ധ പ്രവര്‍ത്തകരുമാണ് പ്രാദേശികതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. വാക്സിനേഷന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ച ഭിന്നശേഷിക്കാര്‍ക്ക് ആരോഗ്യവകുപ്പിന്‍റെയും വനിതാ ശിശു വികസന വകുപ്പിന്‍റെയും സന്നദ്ധപ്രവര്‍ത്തകര്‍, കുടുംബശ്രീ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവരുടെ സഹകരണത്തോടെ ജൂണ്‍ 4,5 തീയതികളില്‍ പ്രത്യേക വാക്സിനേഷന്‍ ക്യാമ്പ് തുടര്‍ന്നും സംഘടിപ്പിക്കുന്നതിനായി സബ്കളക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.

വാക്സിനേഷന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ച് അപ്രൂവല്‍ സന്ദേശം ലഭിച്ച 18-44 വയസുളള ഭിന്നശേഷിക്കാരുടെയും രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ച 44 വയസിന് മുകളില്‍ പ്രായമുളള ഭിന്നശേഷിക്കാരുടെയും വിവരങ്ങള്‍ അംഗനവാടി വര്‍ക്കര്‍മാര്‍ , കുടുംബശ്രീ പ്രവര്‍ത്തകര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സന്നദ്ധ പ്രവര്‍ത്തകര്‍, ഗൂഗിള്‍ ഷീറ്റില്‍ വ്യാഴാഴ്ച രാവിലെ 11 ന് മുമ്പായി രേഖപ്പെടുത്തി ലഭ്യമാക്കുന്നതിന് ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ അറിയിച്ചിട്ടുണ്ട്. രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ച ഭിന്നശേഷിക്കാര്‍ വാക്സിനേഷന് എത്തിച്ചേരേണ്ടുന്ന സമയ ക്രമം, ആരോഗ്യ പ്രവര്‍ത്തകര്‍, അംഗനവാടി വര്‍ക്കര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ , കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ മുഖേന അറിയിക്കുന്നതാണ്.