കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ മൂന്ന് സര്‍ക്കാര്‍ ആശുപത്രികളിലേക്കായി മണപ്പുറം ഫൗണ്ടേഷന്‍ മൂന്ന് വെന്റിലേറ്ററുകള്‍ നല്‍കി. ഗവ. മെഡിക്കല്‍ കോളേജ്, വടക്കാഞ്ചേരി ജനറല്‍ ആശുപത്രി, ചാവക്കാട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലേക്കാണ് വെന്റിലേറ്റുകള്‍ നല്‍കിയത്.
മണപ്പുറം ഫൗണ്ടേഷന്‍ ചെയര്‍മാനും മാനേജിങ് ട്രസ്റ്റിയുമായ വി.പി നന്ദകുമാര്‍ അദ്ദേഹത്തിന്റെ ജന്മദിന സമ്മാനമായാണ് വെന്റിലേറ്ററുകള്‍ നല്‍കിയത്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കോര്‍പറേഷന്‍ മേയര്‍ എം.കെ വര്‍ഗീസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ പ്രളയകാലത്തും മണപ്പുറം ഫൗണ്ടേഷന്‍ നല്‍കിയ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണെന്ന് മേയര്‍ പറഞ്ഞു. ജില്ലാ കലക്ടര്‍ എസ് ഷാനവാസ് അധ്യക്ഷത വഹിച്ചു. ഗവ. മെഡിക്കല്‍ കോളേജ് കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ. രവീന്ദ്രന്‍ നന്ദകുമാറില്‍ നിന്ന് വെന്റിലേറ്ററുകള്‍ ഏറ്റുവാങ്ങി.ദുരന്ത നിവാരണ ഡെപ്യൂട്ടി കലക്ടര്‍ വി.എസ് ബിനു, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സതീഷ് നാരായണന്‍, മണപ്പുറം ഫൗണ്ടേഷന്‍ കോ- ചെയര്‍മാന്‍ സുഷമ നന്ദകുമാര്‍, സി ഇ ഒ ജോര്‍ജ് ഡി ദാസ്, ജനറല്‍ മാനേജര്‍ സനോജ് ഹെര്‍ബര്‍ട്ട്, കെ എം അഷറഫ് തുടങ്ങിയവര്‍ പങ്കെടുത്തു.