ആലപ്പുഴ: കോവിഡ് 19 നിർവ്യാപനവുമായി ബന്ധപ്പെട്ട് ലോക്ഡൗണിന്റെ ഭാഗമായി ആലപ്പുഴ ജില്ലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകി ജില്ല കളക്ടർ എ. അലക്‌സാണ്ടർ ഉത്തരവായി. മാംസം, കോഴിക്കട, കോൾഡ് സ്‌റ്റോജ് എന്നിവയ്ക്ക് ഞായർ, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിൽ രാവിലെ ഏഴു മുതൽ വൈകിട്ട് നാലു വരെ പ്രവർത്തിക്കാം. ഭക്ഷ്യധാന്യങ്ങൾ പൊടിക്കുന്ന മില്ലുകൾക്കും തടി അറുപ്പ് മില്ലുകൾക്കും തിങ്കൾ, ശനി ദിവസങ്ങളിൽ രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചുവരെ പ്രവർത്തിക്കാം. തുണി, സ്വർണം, ചെരുപ്പ് കടകളിൽ വിവാഹനക്ഷണപത്രം ഹാജരാക്കുന്ന പാർട്ടികൾക്കു മാത്രം പ്രവേശനം നൽകി (മറ്റുള്ളവർക്ക് ഹോം ഡെലിവറി മാത്രം) കോവിഡ് മാനദണ്ഡം പാലിച്ച് പരമാവധി ജീവനക്കാരെ കുറച്ച് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചുവരെ പ്രവർത്തിക്കാം. ആക്രി കടകൾക്ക് തിങ്കൾ, ശനി ദിവസങ്ങളിൽ രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചുവരെ പ്രവർത്തിക്കാം. മൊബൈൽ ഷോപ്പ്, മൊബൈൽ സർവീസ്, മൊബൈൽ അക്‌സസറീസ്, കമ്പ്യൂട്ടർ അറ്റകുറ്റപ്പണി നടത്തുന്ന കടകൾക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചുവരെ പ്രവർത്തിക്കാം. അലൂമിനിയം ഫാബ്രിക്കേഷൻ, വെൽഡിങ് ജോലികൾ/സ്ഥാപനങ്ങൾക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ രാവിലെ ഒമ്പതു മുതൽ അഞ്ചുവരെ പ്രവർത്തിക്കാം. പഠനോപകരണങ്ങൾ വിൽക്കുന്ന കടകളിൽനിന്ന് സ്‌റ്റേഷനറി സാധനങ്ങൾ വിൽക്കുന്നത് നിരോധിച്ചിട്ടുണ്ട്. സമയക്രമവും ഉത്തരവും പാലിച്ചില്ലെങ്കിൽ കർശന നിയമനടപടി സ്വീകരിക്കും.