രാജ്യത്തുടനീളമുളള വിലക്കയറ്റമെന്ന പ്രതിസന്ധി സംസ്ഥാനത്തെ നിത്യോപയോഗ സാധനങ്ങളില്‍ പ്രതിഫലിക്കാത്തതിനു കാരണം സംസ്ഥാനത്തെ ശക്തമായ പൊതുവിതരണ സംവിധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.  ജനങ്ങളോടുളള സര്‍ക്കാരിന്റെ കരുതലാണ് ഇതിലൂടെ വെളിവാകുന്നതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ റംസാന്‍ മെട്രോ ഫെയര്‍ 2018 ന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് പുത്തിരിക്കണ്ടം മൈതാനിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ബജറ്റ് വിഹിതമായി ഇരുന്നൂറ് കോടി രൂപ ലഭിച്ചത് നിയന്ത്രിത വിലക്ക് സാധനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുവാന്‍ പൊതുവിതരണ സംവിധാനത്തെ പ്രാപ്തമാക്കുന്നുണ്ട്.  സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഡിമാന്റുളള ജയ അരി പൊതുവിതരണ ശ്യംഖലയിലൂടെ ഏറ്റവും കുറഞ്ഞവിലയ്ക്കു നല്‍കുവാന്‍ കഴിയുന്നു. ഹോര്‍ട്ടി കോര്‍പ്പും, കണ്‍സ്യൂമര്‍ ഫെഡും  ഇതേ രീതിയില്‍ വിപണിയില്‍ ഫലപ്രദമായി ഇടപെടല്‍ നടത്തുന്നുണ്ട്. ഇത്തരത്തില്‍ പൊതുവിതരണ ശ്യംഖല ശക്തിപ്പെടുത്തുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ സപ്ലൈകോയും കണ്‍സ്യൂമര്‍ ഫെഡും വിപണിയില്‍ ഫലപ്രദമായി ഇടപെട്ടുവെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന ഭക്ഷ്യപൊതുവിതരണ വകുപ്പു മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു.  വിപണിയില്‍ ഫലപ്രദമായി ഇടപെടാന്‍ പൊതുവിതരണ ശ്യംഖലയ്ക്കു സാധിക്കുന്നുണ്ട്.
റംസാന്‍ മെട്രോ ഫെയര്‍  2018 ന്റെ ആദ്യ വില്‍പന സഹകരണം ദേവസ്വം വകുപ്പു മന്ത്രി കടകംപളളി സുരേന്ദ്രന്‍ നിര്‍വഹിച്ചു.  സിവില്‍ സപ്ലൈസ് ഡയറക്ടറും സപ്ലൈകോ ജനറല്‍ മാനേജരുമായ നരസിംഗുഗാരി റ്റി.എല്‍.റെഡ്ഡി  സ്വാഗതം പറഞ്ഞു.  വി.എസ്. ശിവകുമാര്‍ എം.എല്‍.എ, ആനാവൂര്‍ നാഗപ്പന്‍, അഡ്വ. ജി.ആര്‍. അനില്‍, പാളയം രാജന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.  സപ്ലൈകോ റീജിയണല്‍ മാനേജര്‍ എ.രമാദേവി കൃതജ്ഞത രേഖപ്പെടുത്തി.