* സര്‍ക്കാര്‍ സ്വീകരിക്കുന്നത് മ്യൂസിയങ്ങള്‍ സംരക്ഷിക്കാനും പരിഷ്‌കരിക്കാനുമുള്ള
നടപടികള്‍ -മുഖ്യമന്ത്രി പിണറായി വിജയന്‍
സംസ്ഥാനത്തെ മ്യൂസിയങ്ങള്‍ സംരക്ഷിക്കാനും പരിഷ്‌കരിക്കാനുമുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി iവിജയന്‍ പറഞ്ഞു. ചരിത്രസംഭവങ്ങള്‍ പലതും നാടിനെ തെറ്റിദ്ധരിപ്പിക്കുംവിധം അവതരിപ്പിക്കുന്ന ഇക്കാലത്ത് വസ്തുതകള്‍ വരുംകാലത്തേക്കായി കൃത്യമായി രേഖപ്പെടുത്തിവെക്കുന്ന മ്യൂസിയങ്ങളുടെ പ്രസക്തി വലുതാണെന്നും അദ്ദേഹം പറഞ്ഞു. ശംഖുമുഖം തെക്കേകൊട്ടാരത്തില്‍ ആര്‍ട്ട് മ്യൂസിയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ചരിത്രരേഖകളും വസ്തുതകളും വരുംകാലത്തേക്ക് സുരക്ഷിതമായി രേഖപ്പെടുത്തിവെക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നത്. അതിന്റെ ഭാഗമായി തിരുവനന്തപുരത്തുള്ള നാഷണല്‍ ഹിസ്റ്ററി മ്യൂസിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. മൂന്നുമാസം കൊണ്ട് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാനാകും. നേപ്പിയര്‍ മ്യൂസിയത്തിന്റെ നവീകരണവും ഉടന്‍ ആരംഭിക്കും. കോഴിക്കോട്ടെ വി.കെ. കൃഷ്ണമേനോന്‍ സ്മാരക മ്യൂസിയത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ നല്ലരീതിയില്‍ നടക്കുന്നുണ്ട്. വിശ്വപ്രശസ്ത ചിത്രകാരനായ രവിവര്‍മയുടെ 11 വിഖ്യാതചിത്രങ്ങളാണ് പ്രദര്‍ശനത്തിന് വെക്കുന്നത്. കൂടാതെ ത്രീഡി തീയറ്ററുമൊരുക്കും. വയനാട് പൈതൃക മ്യൂസിയത്തിന്റെ നവീകരണവും പൂര്‍ത്തിയായി വരികയാണ്.
സാംസ്‌കാരികമായ വലിയൊരു ഉത്തരവാദിത്തത്തിന്റെ ചരിത്രപ്രധാനമായ നിര്‍വഹണമാണ് ശംഖുമുഖം ആര്‍ട്ട് മ്യൂസിയം നിര്‍വഹിക്കുന്നത്. രേഖസൂക്ഷിക്കലിനപ്പുറം, ജനകീയ മുഖം ചിത്രകലാരംഗത്തിന് സമ്മാനിക്കാന്‍ ആര്‍ട്ട് മ്യൂസിയത്തിന് കഴിയണം. ചിത്രകലയെന്നത് മനസിലാകാത്ത എന്തോ ആണെന്ന് കരുതുന്നവരെ ഇതിനോടടുപ്പിക്കാന്‍ മ്യൂസിയം സഹായകരമാകും. സമകാലീന ചിത്രകലാനുഭവം ലഭ്യമാക്കാനും ലോകത്താകെയുള്ള കലാരംഗത്തെ മാറ്റങ്ങളെക്കുറിച്ചറിയാനും ഇവിടംവഴി സാധിക്കും. തിരുവിതാംകൂര്‍ രാജകുടുംബം നിര്‍മിച്ച് ചരിത്രത്തില്‍ സ്ഥാനമുള്ള ഈ കൊട്ടാരത്തില്‍ മ്യൂസിയം പ്രവര്‍ത്തിക്കുന്നതിനും പ്രത്യേക ഔചിത്യമുണ്ട്. ഒട്ടനവധി സഞ്ചാരികള്‍ എത്തുന്ന സ്ഥലത്ത് മ്യൂസിയം ആരംഭിച്ചതും ചിത്രകലാകാരന്‍മാര്‍ക്ക് കൂടുതല്‍ സമൂഹശ്രദ്ധ ലഭിക്കാന്‍ വഴിയൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടൂറിസം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചടങ്ങില്‍ðഅധ്യക്ഷത വഹിച്ചു. പ്രമുഖ ചിത്രകാരന്‍ സുധീര്‍ പട്‌വര്‍ധന്‍ മുഖ്യാതിഥിയായിരുന്നു. കാറ്റലോഗ് പ്രകാശനം ശില്‍പി കാനായി കുഞ്ഞിരാമന്‍ നിര്‍വഹിച്ചു. മേയര്‍ അഡ്വ. വി.കെ.പ്രശാന്ത് സ്വാഗതം പറഞ്ഞു. മ്യൂസിയത്തിന്റെ വെബ്‌സൈറ്റിന്റെ ഉദ്ഘാടനം വി.എസ്. ശിവകുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ്, ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍, മുന്‍മേയര്‍ കെ. ചന്ദ്രിക, ഡോ. ജി. അജിത് കുമാര്‍, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയും കരുണാമൂര്‍ത്തിയും ചേര്‍ന്നവതരിപ്പിക്കുന്ന ഫ്യൂഷന്‍ സംഗീതപരിപാടിയും അരങ്ങേറി.
കോര്‍പറേഷന്റെ മേല്‍നോട്ടത്തിലുള്ള മ്യൂസിയത്തില്‍ സമകാലീന ചിത്രകലയുടെ നേരനുഭവം തദ്ദേശീയര്‍ക്കും വിദേശ വിനോദസഞ്ചാരികള്‍ക്കും ലഭ്യമാക്കുന്ന ഇടമായാണ് വിഭാവനം ചെയ്തിരിക്കുന്നത്. ദേശീയ അന്തര്‍ദേശീയ ശ്രദ്ധേയരായവര്‍ ഉള്‍പ്പെടെയുള്ള കലാകാരന്‍മാരുടെ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുക, കേരളീയ ചിത്ര-ശില്‍പ കലകള്‍ക്ക് സ്വയംപര്യാപ്ത വിപണി ലഭ്യമാക്കുക, നവാഗത കലാകാരന്‍മാര്‍ക്ക് വേദിയും സ്‌കോളര്‍ഷിപ്പ് പോലുള്ള സൗകര്യങ്ങളും സജ്ജമാക്കുക, ലോകത്തെ ഇതര കലാമ്യൂസിയങ്ങളും ഗ്യാലറികളുമായി സഹകരിച്ച് എക്‌സ്‌ചേഞ്ച് പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുക, ദൃശ്യകലയേക്കുറിച്ചും ഇതര കലാസാംസ്‌ക്കാരിക രംഗങ്ങളെക്കുറിച്ചും ചര്‍ച്ചകള്‍ സംഘടിപ്പിക്കുക, ഇത് സംബന്ധിച്ചുള്ള പുസ്തകങ്ങളും ജേര്‍ണലുകളും പ്രസിദ്ധീകരിക്കുക തുടങ്ങിയ വിവിധ പരിപാടികള്‍ക്ക് മ്യൂസിയം മുന്‍കൈയെടുക്കും.
ഇവിടെ പ്രമുഖരായ കലാചരിത്രകാരന്‍മാരും അധ്യാപകരും ഉള്‍പ്പെടെയുള്ള ക്യൂറേറ്റര്‍മാര്‍ ചിത്രകാരന്‍മാരുടെ സൃഷ്ടികള്‍ തെരഞ്ഞെടുത്ത് പ്രദര്‍ശിപ്പിക്കും. ഇതോടൊപ്പം ചിത്രകലാ വര്‍ക്ക്‌ഷോപ്പുകള്‍, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ആര്‍ട്ട് അപ്രീസിയേഷന്‍ കോഴ്‌സുകള്‍, സെമിനാറുകള്‍ എന്നിവയും സംഘടിപ്പിക്കും.
ശില്‍പി കാനായി കുഞ്ഞിരാമന്റെ നേതൃത്വത്തില്‍ðപ്രമുഖരായ കലാ-സാംസ്‌ക്കാരിക പ്രവര്‍ത്തകരടങ്ങുന്ന സമിതിയാണ് മ്യൂസിയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക. ‘ആര്‍ട്ടീരിയ’ ചുമര്‍ച്ചിത്ര പദ്ധതിയുടെ ക്യൂറേറ്റര്‍ ഡോ. ജി.അജിത്കുമാറാണ് മ്യൂസിയത്തിന്റെ ഡയറക്ടര്‍. പുതുതലമുറയിലെ ശ്രദ്ധേയരായ ഒന്‍പത് കലാകാരന്‍മാരുടെ ചിത്രങ്ങളാണ് ഉദ്ഘാടന പ്രദര്‍ശനമായി ഒരുക്കിയത്. അജി അടൂര്‍, അഹല്യ എ.എസ്, ജഗേഷ് എടക്കാട്, ലീന രാജ് ആര്‍, കെ. മത്തായി, ഷൈന്‍ കൊല്ലാട്, സുജിത്ത് എസ്.എന്‍, സുമേഷ് കാമ്പല്ലൂര്‍, വൈശാഖ് കെ. തുടങ്ങിയവരുടെ അന്‍പതോളം ചിത്രങ്ങളാണ് ‘റീബൗണ്ട്‌സ്’ എന്നു പേരിട്ട പ്രദര്‍ശനത്തിലുള്ളത്. ജൂലൈ 31 വരെ ഈ പ്രദര്‍ശനം നീളും. പ്രശസ്ത കലാചരിത്രകാരന്‍ ജോണി എം.എðക്യൂറേറ്റ് ചെയ്യുന്ന ‘ബോഡി’, പ്രശസ്ത ചിത്രകാരിയായ സജിതാ ശങ്കര്‍ ക്യൂറേറ്റ് ചെയ്യുന്ന നാഷണല്‍ വിമന്‍ ആര്‍ട്ടിസ്റ്റ് ഷോ എന്നീ ദേശീയ പ്രദര്‍ശനങ്ങളാണ് തുടര്‍ന്ന് നടക്കുക.
രാവിലെ പത്ത് മണി മുതല്‍ രാത്രി എട്ടു മണി വരെയാണ് ശംഖുമുഖം ആര്‍ട്ട് മ്യൂസിയം പ്രവര്‍ത്തിക്കുക. മുതിര്‍ന്നവര്‍ക്ക് 30 രൂപയും, ഏഴുവയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് 10 രൂപയുമാണ് പ്രവേശന ഫീസ്.
