എറണാകുളം: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ കോവിഡ് രോഗസ്ഥിരീകരണ നിരക്ക് കുറഞ്ഞതിന്റെ അടിസ്ഥാനത്തിൽ കണ്ടെയ്ൻമെന്റ് വ്യവസ്ഥകളിൽ ഇളവ് അനുവദിച്ചു. രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തിൽ ഉദയംപേരൂർ, കിഴക്കമ്പലം, പള്ളിപ്പുറം, കോട്ടപ്പടി പഞ്ചായത്തുകളെ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു.

എടയ്ക്കാട്ടുവയൽ പഞ്ചായത്തിലെ നാലാം വാർഡ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു.
ചേന്ദമംഗലം പഞ്ചായത്തിൽ 6, 8, 11 വാർഡുകൾ മാത്രമായിരിക്കും കണ്ടെയ്ൻമെന്റ് സോണുകളായി തുടരുക. തൃക്കാക്കര നഗരസഭയിൽ 11, 17 ഡിവിഷനുകളിലും 35 -ാം ഡിവിഷനിലെ രാജീവ് നഗർ, ഒൻപതാം ഡിവിഷനിലെ എടച്ചിറ പി.എം.കെ ലേബർ ക്യാമ്പ് എന്നിവിടങ്ങളിൽ മാത്രമായിരിക്കും അധിക നിയന്ത്രണങ്ങൾ. പെരുമ്പാവൂർ നഗരസഭയിൽ 17ാം ഡിവിഷനിലെ അനുഗ്രഹ അപ്പാർട്ട്മെന്റ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു.

ജില്ലയിലെ കോവിഡ് വ്യാപന നിരക്ക് കുറയുന്നതായും രോഗമുക്തി നിരക്ക് 90 ശതമാനമായതായും ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ജില്ലയുടെ കിഴക്കൻ മേഖലകളിൽ രോഗവ്യാപനം ഗണ്യമായി കുറഞ്ഞു. തീരദേശ പഞ്ചായത്തുകൾ, കളമശ്ശേരി, തൃക്കാക്കര പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് നിലവിൽ കൂടുതൽ രോഗബാധ ഉണ്ടാകുന്നത്. ഒരാഴ്ചക്കുള്ളിൽ ജില്ലയിലെ അധിക നിയന്ത്രണങ്ങൾ പൂർണമായും ഒഴിവാക്കാൻ സാധിക്കുമെന്നും ആരോഗ്യ വിഭാഗം വിലയിരുത്തി.

ജില്ലാ കളക്ടർ എസ്. സുഹാസിന്റെ അധ്യക്ഷതയിൽ ചേർന്ന ഓൺ ലൈൻ യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ എസ്. ഷാജഹാൻ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.