പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ലോക പരിസ്ഥിതി ദിനത്തിൽ സഹകരണ വകുപ്പ് നടപ്പിലാക്കുന്ന ‘ഹരിതം സഹകരണം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ അഞ്ചിന് സഹകരണം-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവഹിക്കും. രാവിലെ 11 മണിക്ക് കോട്ടയം ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ വ്യാപാരഭവൻ ഓഡിറ്റോറിയത്തിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.
ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി 2018ൽ ആരംഭിച്ച തീം ട്രീസ് ഓഫ് കേരളയുടെ ഭാഗമായി ഒരു ലക്ഷം പുളിമര തൈകൾ സഹകരണ സംഘങ്ങളിലൂടെ നട്ടു പരിപാലിക്കുകയാണ് ലക്ഷ്യം. അഞ്ചു വർഷം കൊണ്ട് അഞ്ചു ലക്ഷം ഫലവൃക്ഷ തൈകൾ നട്ടു പരിപാലിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ പ്ലാവ്, കശുമാവ്, തെങ്ങ് എന്നിവയുടെ തൈകൾ കേരളത്തിലെ സഹകരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ നട്ടു പരിപാലിക്കുന്നുണ്ട്.
ഈ വർഷത്തെ പരിസ്ഥിതി ദിനത്തിൽ പുളിമരത്തിന്റെ തൈകൾ നട്ടു പരിപാലിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അന്തരീക്ഷത്തിലെ നൈട്രജന്റെയും സൾഫറിന്റെയും ഓക്സൈഡുകളെ നിയന്ത്രിക്കുന്നതിന് പുളിമരത്തിന് വലിയ കഴിവുണ്ട്. അതുപോലെതന്നെ ആരോഗ്യ പരിപാലനത്തിനും സഹായകമാകുന്ന ഒട്ടേറെ ഘടകങ്ങൾ പുളിയിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ് ഈ വർഷം പുളിമരത്തെ തെരെഞ്ഞെടുത്തത്.
സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി സ്വാഗതം പറയുന്ന ചടങ്ങിൽ സഹകരണ സംഘം രജിസ്ട്രാർ പിബി നൂഹ് പരിസ്ഥിതി ദിന സന്ദേശം നൽകും. ഏറ്റുമാനൂർ മുനിസിപ്പൽ ചെയർപേഴ്സൺ ലൗലി ജോർജ്ജ്, സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ. കൃഷ്ണൻ നായർ എന്നിവർ പങ്കെടുക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന പരിപാടി യൂട്യൂബ്, ഫേസ്ബുക്ക് എന്നിവ വഴി തത്സമയം സംപ്രേഷണം ചെയ്യും. ഇതിനോടനുബന്ധിച്ച് ജില്ലാ, സർക്കിൾ, സംഘം തലത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരിസ്ഥിതി ദിനാഘോഷം നടക്കും.