കൊല്ലം: സംസ്ഥാനത്ത് ആദ്യമായി കോവിഡാനന്തര കിടത്തി ചികിത്സയ്ക്ക് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കോവിഡാനന്തര ചികിത്സാ പദ്ധതിയായ പുനര്‍ജനിയുടെ ഭാഗമായാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കിടത്തി ചികിത്സക്കുള്ള സൗകര്യം ഒരുക്കിയത്.
കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ആയുര്‍വേദ ചികിത്സയിലൂടെ പരിഹാരം കാണുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ അതാത് സ്‌പെഷ്യാലിറ്റി വിഭാഗങ്ങളില്‍ കൗണ്‍സിലിംഗ്, യോഗ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വിവിധ ആയുര്‍വേദ ഡിസ്‌പെന്‍സറികളില്‍ പുനര്‍ജനിയില്‍ ഉള്‍പ്പെട്ട രോഗികള്‍ക്ക് കിടത്തി ചികിത്സയ്ക്ക് ഉള്ള സൗകര്യം ലഭ്യമാകും. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. പി.കെ ഗോപന്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് സുമാലാല്‍, സെക്രട്ടറി കെ. പ്രസാദ്, ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.അസുന്താമേരി, ജില്ലാ ആയുര്‍വേദ ആശുപത്രി സി.എം.ഒ. ഡോ.എ.അഭിലാഷ് എന്നിവര്‍ പങ്കെടുത്തു. പട്ടാഴി ഗ്രാമപഞ്ചായത്തിലെ ഹോമിയോ ആശുപത്രിയില്‍ പോസ്റ്റ് കോവിഡ് ക്ലിനിക് ആരംഭിച്ചു. കെ. ബി. ഗണേഷ് കുമാര്‍ എം. എല്‍. എ. 10 വീതം പള്‍സ് ഓക്‌സിമീറ്ററുകളും പി.പി.ഇ.കിറ്റുകളും പഞ്ചായത്തിന് കൈമാറി. സര്‍ക്കാര്‍- അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ടായ്മ 50 പള്‍സ് ഓക്‌സിമീറ്ററുകള്‍ നല്‍കി.

പിറവന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി ജൂണ്‍ നാല്, അഞ്ച്, ആറ് തീയതികളില്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ശുചീകരണവും ബോധവല്‍ക്കരണ പരിപാടികളും നടത്തുമെന്ന് പ്രസിഡന്റ് ആര്‍. ജയന്‍ പറഞ്ഞു.
പുനലൂര്‍ നഗരസഭയില്‍ ഇന്നലെ (ജൂണ്‍ 3) ആരംപുന്ന ഗവ. എല്‍. പി. എസില്‍ 90 പേര്‍ക്ക് കോവിഡ് ആന്റിജന്‍ പരിശോധന നടത്തി. വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ആന്റിജന്‍ പരിശോധന നടന്നു വരികയാണെന്നും ആശാവര്‍ക്കര്‍മാര്‍ക്ക് കോവിഡ് പ്രതിരോധ സാമഗ്രികളും ഭക്ഷ്യധാന്യ കിറ്റുകളും വിതരണം ചെയ്തതായും ചെയര്‍പേഴ്‌സണ്‍ നിമ്മി എബ്രഹാം അറിയിച്ചു.