ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പും കാലിക്കറ്റ് പ്രസ് ക്ലബ്ബും സംയുക്തമായി മാധ്യമ പ്രവര്‍ത്തകര്‍ക്കായി പ്രസ് ക്ലബ്ബ് ഹാളില്‍ നിപ സമൂഹസുരക്ഷയും മാധ്യമജാഗ്രതയും വിഷയത്തില്‍ സംവാദം സംഘടിപ്പിച്ചു. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ജി. അരുണ്‍ കുമാര്‍ മുഖ്യപ്രഭാഷണം നടത്തി മാധ്യമ പ്രവര്‍ത്തകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി. ജില്ലയിലെ മാധ്യമപ്രവര്‍ത്തകര്‍ നിപയുമായി ബന്ധപ്പെട്ട് വളരെ ഉത്തരവാദിത്ത പൂര്‍ണ്ണമായതും ജാഗ്രതയോടും കൂടിയ മാധ്യമ ധര്‍മമാണ് നിര്‍വഹിച്ചതെന്ന് ഡോ. ജി. അരുണ്‍കുമാര്‍ അഭിപ്രായപ്പെട്ടു.
18 ലബോറട്ടറികളിലൂടെയുള്ള പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിലാണ് നിപ വൈറസിന്റെ സ്ഥിരീകരണം ഉണ്ടായിട്ടുള്ളത്. നിപ ഒരാഴ്ചക്കുള്ളില്‍ നിയന്ത്രണ വിധേയമാക്കാനുള്ള പ്രവര്‍ത്തനം തുടരുകയാണ്. എങ്കിലും നിരീക്ഷണം പൂര്‍ണ്ണമായും തുടരുമെന്നും ഡോ. ജി. അരുണ്‍ കുമാര്‍ പറഞ്ഞു. ആശുപത്രികളില്‍ രോഗികളെ പരിചരിക്കുന്നവര്‍ നിര്‍ബന്ധമായും പ്രതിരോധ മാര്‍ഗം സ്വീകരിക്കണം. പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിക്കേണ്ട ആവശ്യകതയില്ലെന്നും സംവാദത്തില്‍ അഭിപ്രായപ്പെട്ടു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, പ്രസ് ക്ലബ് പ്രസിഡന്റ്  കെ. പ്രേംനാഥ്, സെക്രട്ടറി പി വിപുല്‍ നാഥ്, മാസ്സ് മീഡിയ ഓഫീസര്‍ (ആരോഗ്യം)ബേബി നാപ്പള്ളി തുടങ്ങിയവര്‍ പങ്കെടുത്തു.