ആലപ്പുഴ: മഴക്കാല രോഗങ്ങൾ പ്രതിരോധിക്കുന്നതിനായി ജൂൺ5നും ജൂൺ6 നും നടക്കുന്ന ശുചീകരണപ്രവർത്തനങ്ങൾ ജനകീയ യജ്ഞമാക്കി മാറ്റണമെന്നും എല്ലാവരും സഹകരിക്കണമെന്നും ഫിഷറീസ്-സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും കൃഷി വകുപ്പ് മന്ത്രി പി. പ്രസാദും പറഞ്ഞു.

മഴക്കാല തയാറെടുപ്പുകൾ, രോഗപ്രതിരോധ പ്രവർത്തനങ്ങൾ, കോവിഡ് 19 പ്രവർത്തനങ്ങൾ എന്നിവ വിലയിരുത്തുന്നതിനായി ഓൺലൈനിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രിമാർ. ഇന്ന് പൊതുസ്ഥലങ്ങളിലും നാളെ വീടുകളിലുമാണ് ശുചീകരണ പ്രവർത്തനങ്ങൾ നടക്കുക. പകർച്ചവ്യാധികളടക്കം തടയാനുള്ള ഈ യജ്ഞത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പങ്കാളികളായി പൊതുസ്ഥലങ്ങളും വീടും വൃത്തിയാക്കണം.

കൊതുക് വളരാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. എല്ലാ വകുപ്പുകളും പങ്കാളികളാകണം. തോടുകളിലെ തടസങ്ങൾ മാറ്റി നീരൊഴുക്ക് സുഗമമാക്കാനുള്ള നടപടികൾ തദ്ദേശസ്ഥാപനങ്ങൾ സ്വീകരിക്കണം. വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികൾക്ക് തദ്ദേശസ്ഥാപനങ്ങൾ മുൻഗണന നൽകണം.
പഞ്ചായത്തുകൾ കോവിഡ്
ചികിത്സാകേന്ദ്രങ്ങളൊരുക്കണം
ഇതുവരെ കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ ഒരുക്കാത്ത പഞ്ചായത്തുകൾ അടിയന്തരമായി 100 കിടക്കകളുള്ള ഗൃഹവാസ പരിചരണ കേന്ദ്രങ്ങളോ(ഡി.സി.സി.) ഒന്നാംതല കോവിഡ് ചികിത്സാ കേന്ദ്രങ്ങളോ(സി.എഫ്.എൽ.ടി.സി.) ഒരുക്കണം.

എല്ലാ പഞ്ചായത്തുകളിലും ആംബുലൻസ് സേവനം ഉണ്ടായിരിക്കണം. അവശ്യഘട്ടങ്ങളിൽ ഉപയോഗിക്കാൻ മറ്റു വാഹനങ്ങളും തയാറായിരിക്കണം.
മഴക്കാലം നേരിടാൻ
അടിയന്തര തയാറെടുപ്പുകൾ
മഴയെത്തുടർന്ന് വെള്ളപ്പൊക്കമടക്കമുള്ള ദുരിതങ്ങളുണ്ടായാൽ ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനുള്ള കേന്ദ്രങ്ങൾ(ക്യാമ്പ്) മുൻകൂട്ടി തയാറാക്കാൻ ജില്ല ഭരണകൂടത്തിന് നിർദേശം നൽകി. അടിയന്തരഘട്ടത്തിൽ വീടുകളിൽ കഴിയുന്ന കോവിഡ് രോഗികളെയും ക്വാറന്റയിനിൽ കഴിയുന്നവരെയും മാറ്റുന്നതിന് പ്രത്യേക ക്യാമ്പുകൾ ഒരുക്കണം.

ക്യാമ്പുകളിൽ കോവിഡ് 19 പരിശോധന സൗകര്യമൊരുക്കാനുള്ള നടപടി ആരോഗ്യവകുപ്പ് സ്വീകരിക്കണം. തോട്ടപ്പള്ളി സ്പിൽവേയുടെ ആഴംകൂട്ടൽ നടപടികൾ ഊർജ്ജിതമാക്കാൻ നിർദേശിച്ചു. കുട്ടനാട്ടിലെ ദുരിതാശ്വാസ നടപടികൾ ചർച്ചചെയ്യാൻ അടിയന്തരമായി പ്രത്യേക യോഗം വിളിക്കും. പാലങ്ങൾക്കടിയിൽ ഒഴുക്ക് തടസപ്പെടുന്ന രീതിയിൽ മാലിന്യങ്ങളും പോളയും അടിഞ്ഞിട്ടുണ്ടെങ്കിൽ അവ മാറ്റാൻ അടിയന്തനടപടി സ്വീകരിക്കാനും അപകടാവസ്ഥയിലായ മരങ്ങളും ശിഖരങ്ങളും അടിയന്തരമായി നീക്കുന്നതിന് നടപടിയെടുക്കാൻ നിർദേശിച്ചു.

അപകടാവസ്ഥയിൽ താഴ്ന്നു കിടക്കുന്ന വൈദ്യുതലൈനുകൾ സുരക്ഷിതമാക്കി മാറ്റാൻ കെ.എസ്.ഇ.ബി.ക്ക് നിർദേശം നൽകി. പുറക്കാട് അടക്കമുള്ള സ്ഥലങ്ങളിൽ പാടശേഖരങ്ങളിൽ വെള്ളം കയറിയതുമൂലം രൂപപ്പെട്ട വെള്ളക്കെട്ട് ഒഴിവാക്കാനായി പാടശേഖരസമിതികൾ പമ്പിംഗ് ആരംഭിക്കണം. ഇതിന് നടപടി സ്വീകരിക്കാൻ കൃഷിവകുപ്പിന് നിർദേശം നൽകി.

പ്രകൃതിക്ഷോഭ ദുരിതാശ്വാസ ധനസഹായം അടിയന്തരമായി വിതരണം ചെയ്യാൻ പഞ്ചായത്ത്, റവന്യൂ വകുപ്പുകൾക്ക് മന്ത്രിമാർ നിർദേശം നൽകി.
അഡ്വ. എ.എം. ആരിഫ് എം.പി., എം.എൽ.എമാർ, ജില്ല കളക്ടർ എ. അലക്‌സാണ്ടർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ ഓൺലൈൻ യോഗത്തിൽ പങ്കെടുത്തു.