കാസർഗോഡ്: പുത്തിഗെ പഞ്ചായത്തില്‍ പത്ത് ഏക്കറോളം സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന അനോടിപ്പള്ളം പ്രദേശത്ത് പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി 200 വൃക്ഷ തൈകള്‍ നട്ടു പിടിപ്പിച്ചു. എ.കെ.എം അഷറഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അനോടി പള്ളം പദ്ധതി ഫല പ്രാപ്തിയിലെത്തുന്നതോടെ മഞ്ചേശ്വരത്ത് എല്ലാവര്‍ക്കും ഒന്നിച്ചു ചേരാനുള്ള വലിയൊരിടമാകും സാധ്യമാവുകയെന്നും ലോക ടൂറിസത്തില്‍ തന്നെ പദ്ധതി ഇടം പിടിക്കുമെന്നും എ.കെ.എം അഷറഫ് എം.എല്‍.എ പറഞ്ഞു.
2018 ഒക്ടോബറില്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച റിപ്പോര്‍ട്ടില്‍ കാസര്‍കോട്, മഞ്ചേശ്വരം ബ്ലോക്കുകളില്‍ മണ്ണിനടിയില്‍ ജല ലഭ്യത വളരെ കുറയുന്നുവെന്നും 97.8 ശതമാനത്തോളം അത് നഷ്ടമായി കഴിഞ്ഞുവെന്നുമുള്ള വിവരം ലഭിച്ചു.

അതെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷത്തെ കഠിന ശ്രമങ്ങള്‍ക്ക് ഒടുവില്‍ കഴിഞ്ഞ ദിവസം വന്ന റിപ്പോര്‍ട്ടില്‍ ജല ലഭ്യത 95 ശതമാനത്തിലേക്കെത്തിക്കാന്‍ സാധിച്ചുവെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി സജിത്ബാബു പറഞ്ഞു. ചടങ്ങില്‍ വിശിഷ്ടാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. അനോടിപ്പള്ളം വികസനം നടത്തി ടൂറിസം കേന്ദ്രമായി വികസിപ്പിക്കുന്നതിലൂടെ വലിയ സാധ്യതകളാണ് നമുക്കുള്ളതെന്നും കളക്ടര്‍ പറഞ്ഞു. ചടങ്ങില്‍ പുത്തിഗെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. സുബ്ബണ്ണ ആള്‍വ അധ്യക്ഷനായി. കാസര്‍കോട് എച്ച്.എ.എല്‍ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ എ.എസ്. സജി എന്നിവര്‍ വിശിഷ്ടാതിഥികളായി. വാര്‍ഡ് മെമ്പര്‍ ജയന്തി, ഫിനാന്‍സ് ഓഫീസര്‍ കെ. സതീശന്‍, ജില്ലാ നിര്‍മ്മിതി കേന്ദ്രം എക്‌സിക്യുട്ടീവ് സെക്രട്ടറി സുന്ദരേശന്‍ എന്നിവര്‍സംസാരിച്ചു. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ വി.എം അശോക് കുമാര്‍ സ്വാഗതവും കെ. ബാലകൃഷ്ണ ആചാര്യ നന്ദിയും പറഞ്ഞു.