എല്ലാ സർക്കാർ സ്‌കൂളുകളിലെയും ഊർജ്ജ ഓഡിറ്റ് പൂർത്തിയാക്കുന്ന ആദ്യ മണ്ഡലമെന്ന നിറവിൽ കാട്ടാക്കട. തുടർഘട്ടമായി മണ്ഡലത്തിലെ സർക്കാർ ഓഫീസുകളിലും വീടുകളിലും ഊർജ്ജ ഓഡിറ്റിന് തുടക്കമാകുന്നു.

തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട മണ്ഡലത്തിലെ എല്ലാ സർക്കാർ സ്‌കൂളുകളുടെയും ഊർജ്ജ ഓഡിറ്റാണ് എനർജി മാനേജ്‌മെന്റ് സെന്ററിന്റെ സഹായത്തോടെ പൂർത്തിയാക്കിയത്. കാട്ടാക്കട നിയോജക മണ്ഡലത്തെ പരിസ്ഥിതിസൗഹൃദ മണ്ഡലം ആക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഐ.ബി സതീഷ് എം.എൽ.എയുടെ നേതൃത്വത്തിൽ പദ്ധതി ആവിഷ്‌കരിച്ചത്. കാട്ടാക്കട മണ്ഡലത്തിലെ ആറു പഞ്ചായത്തുകളിലായി 53 സ്‌കൂളുകളുടെ റിപ്പോർട്ട് ആണ് തയ്യാറായത് .

ലോക ശ്രദ്ധ നേടുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്ത ജലസമൃദ്ധി പദ്ധതിയുടെ തുടർച്ചയായി 2018ൽ കാട്ടാക്കടയിലെ തെരഞ്ഞെടുത്ത നാല് സ്‌കൂളുകളുടെ ഊർജ്ജ ഓഡിറ്റ് പൂർത്തിയാക്കിയിരുന്നു. ഈ സ്‌കൂളുകളിൽ സാധാരണ ലൈറ്റുകളും ഫാനുകളും മാറ്റി എൽഇഡി ലൈറ്റുകളും വൈദ്യുതി ഉപഭോഗം കുറവുള്ള ഫാനുകളും നൽകിയിരുന്നു.

ഇതിനെ തുടർന്ന് മണ്ഡലത്തിലെ എല്ലാ സർക്കാർ സ്‌കൂളുകളുടെയും ഊർജ്ജ ഓഡിറ്റ് നടത്തി. സ്‌കൂളുകളിലെ അധ്യാപക-അനധ്യാപക ജീവനക്കാരെയും ഉൾപ്പെടുത്തി പങ്കാളിത്ത മാതൃകയിലാണ് ഓഡിറ്റ് പൂർത്തിയാക്കിയത്. അധ്യാപകർ, വിദ്യാർഥികൾ, ഉദ്യോഗസ്ഥർ എന്നിവർക്കിടയിൽ അവബോധം സൃഷ്ടിക്കാൻ ഊർജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യം സംബന്ധിച്ച് ചർച്ചകളും സംഘടിപ്പിച്ചിരുന്നു.

ഊർജ്ജ ഉപഭോഗം, പ്രവർത്തന രീതികൾ, ഊർജ്ജ സംരക്ഷണ അവസരങ്ങൾ എന്നിവയെക്കുറിച്ചുള്ള സമഗ്ര പരിശോധന, ഊർജ്ജ സംരക്ഷണത്തിന്റെ സാധ്യതകളും വിശദ പഠനവും വിശകലനവും ആവശ്യമുള്ള മേഖലകൾ തിരിച്ചറിയൽ തുടങ്ങിയവ ഓഡിറ്റിന്റെ ലക്ഷ്യങ്ങളിൽ പ്രധാനമായിരുന്നു.

കാട്ടാക്കട മണ്ഡലത്തിലെ കാട്ടാക്കട, മലയിൽകീഴ്, മാറനല്ലൂർ, പള്ളിച്ചൽ, വിളവൂർക്കൽ, വിളപ്പിൽ പഞ്ചായത്തുകളിലെ സ്‌കൂളുകളെയാണ് ഉൾപ്പെടുത്തിയിരുന്നത്. 53 സ്‌കൂളുകളിലായി വിവിധ ഊർജ്ജ കാര്യക്ഷമത മെച്ചപ്പെടുത്തുന്ന പദ്ധതികളിലായി 174.61 ലക്ഷം രൂപ മുടക്കുന്നതിലൂടെ പ്രതിവർഷം 59.26 ലക്ഷം രൂപ ലാഭിക്കാൻ കഴിയുമെന്ന് ഓഡിറ്റ് കണ്ടെത്തി. ഇത് 8.78 ലക്ഷം യൂനിറ്റ് വൈദ്യുതിക്ക് തുല്യമാണ്. ഈ പദ്ധതികളുടെ പൂർത്തീകരണത്തിലൂടെ മൊത്തം കാർബൺ ലഘൂകരണ സാധ്യത 728.43 ടൺ ആണ്.

ഒരു നിയമസഭാ നിയോജക മണ്ഡലത്തിലെ എല്ലാ സ്‌കൂളുകളുടേയും ഊർജ്ജ ഓഡിറ്റ് റിപ്പോർട്ട് തയ്യാറാക്കി പ്രസിദ്ധീകരിക്കുന്ന ആദ്യ മണ്ഡലമെന്ന ബഹുമതിയിലാണ് കാട്ടാക്കട. റിപ്പോർട്ട് പൊതുവിദ്യാഭ്യാസ – തൊഴിൽമന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്തു. പദ്ധതി മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു.

ലോക പരിസ്ഥിതി ദിനത്തിൽ ഇതടക്കം രണ്ട് പ്രധാന പ്രവർത്തനങ്ങൾക്കാണ് മണ്ഡലത്തിൽ തുടക്കമായത്. സംസ്ഥാന എനർജി മാനേജ്‌മെന്റ് സെന്ററുമായി ചേർന്ന് മണ്ഡലത്തിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളിലും ഊർജ ഓഡിറ്റിന് തുടക്കം കുറിക്കുകയാണ്. ഇതിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

പദ്ധതിയുടെ മൂന്നാം ഘട്ടമായി ജനകീയ പങ്കാളിത്തത്തോടെ മണ്ഡലത്തിലെ എല്ലാ വീടുകളിലും ഊർജ്ജ ഓഡിറ്റ് നടത്താനാണ് ലക്ഷ്യമിടുന്നത്.

മണ്ഡലത്തിലെ പൊതു സ്ഥാപനങ്ങളുടെ മേൽക്കൂരയിൽ സോളാർ പാനൽ സ്ഥാപിക്കുന്നതിന് കഴിഞ്ഞ ബഡ്ജറ്റിൽ മൂന്ന് കോടി രൂപ വകയിരുത്തിയിരുന്നു. ഇതിന്റെ ആദ്യഘട്ടമായി സ്‌കൂളുകളിൽ വിദ്യാഭ്യാസ വകുപ്പ്, കെ.എസ്.ഇ.ബി എന്നിവരുമായി സഹകരിച്ച് സോളാർ പാനൽ സ്ഥാപിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

റിപ്പോർട്ട് പ്രകാശനചടങ്ങിൽ ഐ ബി സതീഷ് എം.എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാർ , ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, ഭൂവിനിയോഗ ബോർഡ് കമ്മീഷണർ എ നിസാമുദ്ദീൻ, എനർജി മാനേജ്‌മെന്റ് സെന്റർ ഡയറക്ടർ ഹരികുമാർ, സുരേഷ്, ഹരിലാൽ എന്നിവർ പങ്കെടുത്തു.

കാട്ടാക്കട മണ്ഡലത്തിൽ 100 മിയാവാക്കി വനങ്ങൾ വെച്ചുപിടിപ്പിക്കുന്നതിനും പരിസ്ഥിതി ദിനത്തിൽ തുടക്കമായി. മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലായി അഞ്ച് വർഷത്തിനകം ഇത്തരത്തിലുള്ള നൂറ് മിയാവാക്കി കൃത്രിമ വനങ്ങൾ രൂപപ്പെടുത്തും. മാറനല്ലൂർ പഞ്ചായത്തിലെ അരുവിക്കരയിൽ ഐ ബി സതീഷ് എംഎൽഎ വനവൽക്കരണം ഉദ്ഘാടനം ചെയ്തു.

ജലസമൃദ്ധി പദ്ധതിയുടെ തുടർച്ചയായി മണ്ഡലത്തെ പരിസ്ഥിതി സൗഹൃദ മണ്ഡലമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങൾക്കാണ് ഈ വർഷം തുടക്കമിടുന്നതെന്ന് ഐ.ബി സതീഷ് എം.എൽ.എ പറഞ്ഞു.