തൃശ്ശൂർ: പരിസ്ഥിതി ദിനത്തില്‍ മാവിൻതൈ നട്ട് ജില്ലാ കലക്ടർ എസ് ഷാനവാസ്. കലക്ട്രേറ്റ് കോമ്പൗണ്ടില്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് ജില്ലാ കലക്ടര്‍ മാവിൻ തൈ നട്ട് പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യവും സന്ദേശവും സമൂഹത്തോട് പങ്കുവെച്ചത്. പരിസ്ഥിതിയെ സംരക്ഷിക്കുകയെന്ന സന്ദേശത്തിലുപരി വിശാലമായ പരിസ്ഥിതി മൂല്യങ്ങളെ മാനസുകൊണ്ടും ശരീരം കൊണ്ടും വളര്‍ത്തിയെടുത്ത് അതിലൂടെ ആഴങ്ങളില്‍ ചെന്നെത്താന്‍ കഴിയണമെന്നും ഒരു പരിസ്ഥിതി ദിനം കൂടി ആചരിക്കുമ്പോള്‍ മാനവികതയുടെ എല്ലാ കോണുകളിലും നമ്മുടെ ഓരോ പ്രവൃത്തിയും പ്രതിഫലിക്കണമെന്നും കലക്ടര്‍ പറഞ്ഞു. പരിസ്ഥിതി ദിനത്തില്‍ ജില്ലാ കലക്ടര്‍ അദ്ദേഹത്തിന്റെ താമസസ്ഥലത്തും നെല്ലി, ചാമ്പ തുടങ്ങിയ ഫലവൃഷതൈകള്‍ നട്ടു. കലക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ അസി. കലക്ടര്‍ സൂഫിയാന്‍ അഹമ്മദ്, എ.ഡി.എം റെജി.പി ജോസഫ്, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.