കോവിഡ് മഹാമാരിയുടെ മൂന്നാം തരംഗം ആരോഗ്യവിദഗ്ധര്‍ പ്രവചിക്കുമ്പോള്‍ പ്രാണവായുവിന്റെ ആവശ്യകത മനസിലാക്കി കാസര്‍കോട് ജില്ലാ പഞ്ചായത്ത് മുന്‍കൈയെടുത്ത് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പൊതുമേഖലയില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കുന്നത് പുതിയ കാല്‍വെപ്പും മാതൃകയുമാണെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ചട്ടഞ്ചാലിലെ വ്യവസായ പാര്‍ക്കില്‍ സ്ഥാപിക്കുന്ന ഓക്‌സിജന്‍ പ്ലാന്റിന്റെ തറക്കല്ലിടല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

രാജ്യ തലസ്ഥാനത്തുള്‍പ്പെടെ പല ഭാഗത്തും കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ ഓക്‌സിജന്റെ അപര്യാപ്തത മനുഷ്യ ജിവനുകളുടെ നിലനില്‍പ്പിനെ ചോദ്യം ചെയ്ത ഘട്ടത്തിലാണ് ഓക്‌സിജനും മരുന്നാണെന്ന കാര്യം ജനത മനസിലാക്കിയത്. രണ്ടാം തരംഗത്തില്‍ മരണങ്ങള്‍ ഏറെയുണ്ടായത് ഓക്‌സിജന്‍ ലഭിക്കാത്തതിനെ തുടര്‍ന്നായിരുന്നു. അപ്പോഴും ഓക്‌സിജന്‍ ക്ഷാമം മൂലമുള് മരണങ്ങളില്ലാതെ കേരളത്തെ പിടിച്ചു നിര്‍ത്താന്‍ ഇവിടുത്തെ ആരോഗ്യ സംവിധാനത്തിനായെന്ന് മന്ത്രി പറഞ്ഞു. ആഗോള സ്വകാര്യ വത്കരണ നയങ്ങള്‍ക്കെതിരായ ആരോഗ്യ രംഗത്തുള്‍പ്പെടെ നടത്തിയ ബദല്‍ ഇടപെടല്‍ കൊണ്ടാണ് ഇതിന് സാധ്യമായത്. പൊതുമേഖലയില്‍ കെ.എം.എം.എല്‍ 100 ദിവസം കൊണ്ടാണ് പ്ലാന്റ് ഉണ്ടാക്കിയത്.

വ്യവസായങ്ങള്‍ക്കൊപ്പം ആരോഗ്യ മേഖലയിലേക്കും ഇവിടുന്ന് ഓക്‌സിജനുകള്‍ എത്തി. ഒരു ഘട്ടത്തില്‍ കേരളത്തിന് പുറത്തേക്കും ഓക്‌സിജന്‍ നല്‍കാന്‍ സാധിച്ചു. മൂന്നാം തരംഗത്തിലും ഓക്‌സിജന്റെ ആവശ്യകത മുന്നില്‍ക്കാണുന്നതിനാല്‍ സംസ്ഥാനത്താകെ 35 ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.38.5 കോടി രൂപ മുതൽ മുടക്കിലാണിത്. ദീര്‍ഘവീക്ഷണത്തോടെ വരാന്‍ പോകുന്ന അപകടസാധ്യതകള്‍ മുന്നില്‍ക്കണ്ട് കൊണ്ടാണ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നത്. സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം കരുത്തായി മുന്നോട്ട് പോകുകയാണ്. യഥേഷ്ടം ഓക്‌സിജന്‍ ഉത്പാദനം കേരളത്തില്‍ സാധ്യമാകണമെന്നും അതിന് മുന്‍കൈയെടുത്ത കാസര്‍കോട്ടെ തദ്ദേശ സ്ഥാപനങ്ങളെ അഭിനന്ദിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ഓണ്‍ലൈനായി നടന്ന ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മന്ത്രിയുടെ ഉദ്ഘാടന പ്രസംഗം അവസാനിച്ചയുടന്‍ പദ്ധതി പ്രദേശത്ത് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ചേര്‍ന്ന് ശിലാസ്ഥാപനം നടത്തി. ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അന്തരീക്ഷത്തില്‍ നിന്നും ഓക്‌സിജന്‍ ഉത്പാദിപ്പിക്കുന്ന പ്ലാന്റില്‍ നിന്നും പ്രതിദിനം 200 സിലിണ്ടറുകള്‍ ലഭിക്കുമെന്നും സ്വകാര്യ മേഖലയില്‍ ഓക്‌സിജന്‍ പ്ലാന്റിനുള്ള ചര്‍ച്ചകള്‍ നടക്കുന്നതായും ജില്ലാ കളക്ടര്‍ പറഞ്ഞു.

രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി ജില്ലാ പഞ്ചായത്തിന്റെ ടെലി മെഡിസിന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പൊതുമേഖലയില്‍ ഓക്‌സിജന്‍ പ്ലാന്റ് വരുന്നത് അഭിനന്ദനാര്‍ഹമായ കാര്യമാണെന്നും കോവിഡ് കാലത്ത് ആശുപത്രിയില്‍ പോകാതെ ഡോക്ടര്‍മാരെ സമീപിക്കാന്‍ കഴിയുന്ന വി കെയര്‍ ആപ്പ് ഉപയോഗപ്പെടുത്താന്‍ ജനങ്ങള്‍ക്ക് കഴിയണമെന്നും എം.പി പറഞ്ഞു.
ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള പള്‍സ് ഓക്‌സീമീറ്ററുകളുടെ വിതരണം സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എമാരായ ഇ.ചന്ദ്രശേഖരന്‍, എം.രാജഗോപാലന്‍, എന്‍.എ.നെല്ലിക്കുന്ന്, എ.കെ.എം.അഷ്‌റഫ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി.സുജാത ടീച്ചര്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സമീമ ചെമ്മനാട്, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ.എസ്.എന്‍.സരിത, ജില്ലാ പ്ലാനിങ് ഓഫീസര്‍ എസ് മായ, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ ഡോ.സി.തമ്പാന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.കെ.ആര്‍.രാജന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആയുര്‍വേദം) ഡോ.സ്‌റ്റെല്ല ഡേവിഡ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ഹോമിയോ) ഡോ.അശോക് കുമാര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ ജയ്‌സണ്‍ മാത്യു, കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ.പി.രാജ്‌മോഹന്‍, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ സജിത്ത് എന്നിവര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ സ്വഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.നന്ദകുമാര്‍ നന്ദിയും പറഞ്ഞു.