ആലപ്പുഴ: കോവിഡ് രോഗത്തെത്തുടർന്ന് ഗൃഹപരിചരണത്തിൽ കഴിയുന്നവർ അറിയേണ്ട വിവരങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പൊതുജനങ്ങളിലെത്തിക്കാനുള്ള പ്രചാരണ വീഡിയോ പുറത്തിറക്കി ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ്. കോവിഡ് രോഗം സ്ഥിരീകരിച്ചവരിൽ ആർക്കൊക്കെ വീട്ടിൽ ഐസൊലേഷനിൽ കഴിയാം, മുറികൾ അണുവിമുത്കമാക്കുന്നതെങ്ങനെ? എന്തൊക്കെ മുൻകരുതലുകൾ എടുക്കണം, ഗൃഹപരിചരണം എങ്ങനെ?, പൾസ് ഓക്‌സോമീറ്ററിന്റെ ഉപയോഗരീതി, ശ്രദ്ധിക്കേണ്ട രോഗലക്ഷണങ്ങൾ, എപ്പോഴാണ് ആശുപത്രി സേവനം തേടേണ്ടത്? എന്നിവയടക്കം ഗൃഹപരിചരവുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കുന്നതിനാണ് ‘നമ്മുക്ക് വീടുകളിൽ സുരക്ഷിതരാകാം’ എന്ന 15 മിനിട്ടുള്ള വീഡിയോ പുറത്തിറക്കിയത്.

സിനിമതാരം ഫഹദ് ഫാസിലാണ് വീഡിയോയുടെ ആമുഖ സന്ദേശം നൽകിയിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെയും മാധ്യമങ്ങളിലൂടെയും ജനങ്ങളിലെത്തിക്കാനാണ് ശ്രമം. വീഡിയോയുടെ പ്രകാശനം കളക്‌ട്രേറ്റിൽ ജില്ല കളക്ടർ എ. അലക്‌സാണ്ടർ നിർവഹിച്ചു. ടി.ഡി. മെഡിക്കൽ കോളജ് മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ. ബി. പത്മകുമാർ, ജില്ല ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ എന്നിവർ പങ്കെടുത്തു.