പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകെ മൂന്ന് കോടി വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുമെന്ന് വനം വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. ലോക പരിസ്ഥിതിദിനാഘോഷത്തിന്റ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം വടക്കേവിള ശ്രീനാരായണ പബ്ലിക് സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
വനം വകുപ്പ് മാത്രം 81 ലക്ഷം വൃക്ഷത്തൈകളാണ് വിതരണം ചെയ്തത്. ഇത്തവണ ഫലവൃക്ഷത്തൈകളാണ് കൂടുതലായി ഉള്‍പ്പെടുത്തിയത്. ജലം വലിച്ചെടുക്കുന്ന മരങ്ങള്‍ വനത്തിലുള്‍പ്പടെ ഒഴിവാക്കാനാണ് തീരുമാനം.
പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കാനുള്ള പ്രവര്‍ത്തനം തുടരുകയാണ്. ശബരിമലയിലും മറ്റു വനമേഖലകളിലും ഇതു ഫലപ്രദമായി നടപ്പിലാക്കാനായി. പുതിയ തലമുറയില്‍ അവബോധം സൃഷ്ടിച്ച് പ്ലാസ്റ്റിക് ഉപയോഗം നിരുത്സാഹപ്പെടുത്തും. വൃക്ഷങ്ങള്‍ സംരക്ഷിക്കുന്ന കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കാനും തീരുമാനമുണ്ട്.
നാട്ടില്‍ അവശേഷിക്കുന്ന കാവും കുളങ്ങളും വനം വകുപ്പ് സംരക്ഷിക്കും. വനം വകുപ്പ് വിവിധ ഘട്ടങ്ങളില്‍ നല്‍കിയ വൃക്ഷത്തൈകളില്‍ പകുതിയലധികം സംരക്ഷിക്കപ്പെട്ടതായാണ് കണക്ക്. ഈ സാഹചര്യത്തില്‍ വച്ചുപിടിപ്പിക്കുന്ന മരങ്ങളുടെ പരിപാലനം ഉറപ്പാക്കാനായി വകുപ്പ്തലത്തില്‍ സംവിധാനം ഏര്‍പ്പെടുത്തുകയാണ്.
കൊല്ലം കോര്‍പറേഷനെ ഹരിതനഗരമാക്കി മാറ്റാന്‍ വനംവകുപ്പ് വൃക്ഷ തൈകള്‍ നല്‍കും. കായല്‍ തീരത്തെ കണ്ടല്‍ച്ചെടികളുടെ സംരക്ഷണവും ഉറപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ചടങ്ങില്‍ വനമിത്ര അവാര്‍ഡുകള്‍ മന്ത്രി വിതരണം ചെയ്തു. കൊല്ലത്ത് നിന്നും യൂത്ത് പ്രമോഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ സുമന്‍ജിത്ത് മിഷ അവാര്‍ഡ് സ്വീകരിച്ചു.
വൃക്ഷതൈകളുടെ അതിജീവന റിപ്പോര്‍ട്ട് എം. നൗഷാദ് എം.എല്‍.എ യ്ക്ക് കൈമാറി മന്ത്രി കെ. രാജു പ്രകാശനം ചെയ്തു. വനം വകപ്പ് പുറത്തിറക്കുന്ന പരിസ്ഥിതി പ്രസിദ്ധീകരണമായ അരണ്യത്തിന്റെ പരിസ്ഥിതി പതിപ്പ് മന്ത്രി പ്രകാശനം ചെയ്തു. എന്‍. കെ. പ്രേമചന്ദ്രന്‍ എം.പി ആദ്യപ്രതി ഏറ്റുവാങ്ങി.
എം. നൗഷാദ് എം.എല്‍.എ അധ്യക്ഷനായ ചടങ്ങില്‍ എന്‍.കെ പ്രേമചന്ദ്രന്‍ എം.പി. മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ്, ഫോറസ്റ്റ് ഹെഡ് ഓഫ് ഫോഴ്‌സ് പി.കെ. കേശവന്‍, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ. എ. മുഹമദ് നൗഷാദ്, എ.ഡി.എം ബി. ശശികുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ്, എസ്.എന്‍ എഡ്യൂക്കേഷണല്‍ സൊസൈറ്റി സെക്രട്ടറി കെ. ശശികുമാര്‍,  വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.