തൃശ്ശൂർ:    വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ ചക്കിപറമ്പ് ട്രൈബല്‍ കോളനിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസം സാധ്യമാക്കുന്നതിന് ഇന്‍റര്‍നെറ്റ് സൗകര്യം ഒരുങ്ങുന്നു. സമൂഹത്തിന്‍റെ പിന്നാമ്പുറങ്ങളില്‍ മാത്രം ജീവിക്കാന്‍ വിധിക്കപ്പെട്ട പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗമായി ഒതുങ്ങിക്കൂടുന്ന പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വൈഫൈ സംവിധാനം ഒരുക്കുന്നത് തൃതല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ്.

40 കുടുംബങ്ങളിലായി 38 വിദ്യാര്‍ത്ഥികളാണ് ഈ കോളനിയില്‍ ഉള്ളത്. കാട്ടാനയും പുലിയും ഇറങ്ങുന്ന മേഖല ആയതിനാല്‍ റേഞ്ചിന് വേണ്ടി പുറത്തിറങ്ങി നടക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ധൈര്യമില്ലാത്ത അവസ്ഥയാണ്. എംഎല്‍എ കെ കെ രാമചന്ദ്രന്‍റെ നിര്‍ദ്ദേശപ്രകാരം കൊടകര ബ്ലോക്കില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് ചക്കിപറമ്പ് ട്രൈബല്‍ കോളനിയില്‍ വൈഫൈ സ്വപ്നം യാഥാര്‍ത്ഥ്യമായത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം ആര്‍ രഞ്ജിത്ത്, വൈസ് പ്രസിഡന്‍റ് ഷീല ജോര്‍ജ്, വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്‍റ് അജിതാ സുധാകരന്‍, ജില്ലാ പഞ്ചായത്ത് അംഗം വി എസ് പ്രിന്‍സ്, കെ എസ് ഇ ബി വരന്തരപ്പിള്ളി ഡിവിഷന്‍ എ ഇ ആന്‍റോ പി വി, ബി ആര്‍ സി കോഓര്‍ഡിനേറ്റര്‍ നന്ദകുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.