രണ്ടു നേരം കുളിക്കുന്ന മലയാളികള്‍ പരിസര ശുചിത്വത്തില്‍ ഒട്ടും ശ്രദ്ധിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. തിരുവനന്തപുരം കനകക്കുന്നില്‍ ലോക പരിസ്ഥിതി ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങള്‍ തിങ്ങിക്കൂടുന്ന സ്ഥലങ്ങളിലെല്ലാം വലിയ മാലിന്യക്കൂമ്പാരമാണ്. ഇത് പലതരം രോഗങ്ങള്‍ക്കും കാരണമാവുന്നു. നമ്മുടെ നാട്ടില്‍ നിന്ന് പൂര്‍ണമായി ഇല്ലാതായെന്ന് കരുതിയ പല രോഗങ്ങളും തിരിച്ചു വന്നിരിക്കുകയാണ്. നമ്മള് കേട്ടിട്ടില്ലാത്ത പേരുകളിലെ രോഗങ്ങളും ഇപ്പോള്‍ ഉണ്ടാവുന്നു. ആവശ്യമായ ശുചീകരണം കൃത്യമായി നടക്കുന്നില്ലെന്നതാണ് ഇതിന്റെയെല്ലാം അടിസ്ഥാനം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പല വിജയകരമായ പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ വിജയിക്കാതിരുന്നയിടങ്ങളില്‍ പകര്‍ച്ച വ്യാധികള്‍ ഉണ്ടായിട്ടുണ്ട്. ശുചീകരണത്തിലും ജൈവകൃഷിയിലും കഴിഞ്ഞ രണ്ടു വര്‍ഷം നല്ല ശ്രമങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. ഇതിനൊരു ഐക്യരൂപം സൃഷ്ടിക്കാനാണ് ഹരിത കേരളം മിഷന് രൂപീകരിച്ചത്. ഇതിന്റെ ഭാഗമായി പതിനായിരത്തിലധികം കുളങ്ങള്‍ പുനര്‍നിര്‍മിച്ചു. നിരവധി കിണറുകളും തോടുകളും പുനസൃഷ്ടിച്ചു. കേരളത്തിലെ കിണര്‍ വെള്ളം ശുദ്ധമല്ലെന്നതാണ് നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നം. പല കിണറുകളിലും കോളിഫോം ബാക്ടീരിയയുടെ അളവ് വളരെ കൂടുതലാണ്. വലിയ സെപ്റ്റിക് ടാങ്കുകള്‍ക്ക് മുകളില്‍ ജീവിക്കുന്നവരാണ് നാം. വെള്ളത്തിന്റെ കാര്യം ഗൗരവമായി പരിശോധിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. പട്ടണങ്ങളില്‍ കൂടുതല്‍ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകള്‍ സ്ഥാപിക്കേണ്ടി വരും.
പരിസ്ഥിതി സംരക്ഷിക്കേണ്ടതാണെന്ന പൊതുബോധം ഉയര്‍ന്നു വന്നിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണം കണ്ടുകൊണ്ടാവണം നാടിന്റെ വികസനം. നാട് കൂടുതല്‍ ഐശ്വര്യത്തോടെ വരും തലമുറയെ ഏല്‍പ്പിക്കേണ്ടതുണ്ട്. ലാഭം മുന്നില്‍കണ്ട് മരങ്ങള്‍ മുറിച്ചു മാറ്റുകയും നദികളിലെ മണല്‍ എടുക്കുകയും ചെയ്യുന്ന സ്ഥിതിയുണ്ടായി. മനുഷ്യന്റെ ആവശ്യങ്ങള്‍ക്കായി ഭൂപ്രകൃതിയെ മാറ്റിമറിക്കാന്‍ തുടങ്ങി. അനിയന്ത്രിതമായ രീതിയില്‍ പ്രകൃതിയെ ചൂഷണം ചെയ്യുന്നത് നമ്മുടെ നാട്ടിലല്ലാതെ മറ്റെങ്ങുമുണ്ടാവില്ല. ഇതിലൂടെ നാടിന്റെ പരിതസ്ഥിതിക്ക് വലിയ മാറ്റം സംഭവിച്ചു. പ്രകൃതിക്ക് ദോഷം വരുന്ന ഇടപെടലുണ്ടായപ്പോള്‍ പണ്ടു നാം കണ്ടിരുന്ന പല പൂക്കളും ചെടികളും ചെറുജീവികളും ഇല്ലാതായി. ഒരു കാരണം ഇവിടത്തെ സര്‍ക്കാരുകളായിരുന്നു. രാസവളവും കീടനാശിനിയും കൂടുതല്‍ ഉപയോഗിക്കാന്‍ കര്‍ഷകരെ ഉപദേശിച്ചത് സര്‍ക്കാരുകളാണ്. ഇതിലൂടെ മണ്ണിന്റെ ജൈവാംശം നശിച്ചു. കഴിക്കുന്ന സാധനങ്ങള്‍ വിഷാംശമുള്ളവയായി. പുഴകളും ജലാശയങ്ങളും കടലും പ്ലാസ്റ്റിക് മാലിന്യം തള്ളാനുള്ള ഇടങ്ങളായി. ഇതിനെല്ലാം മാറ്റം വരുത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അനെര്‍ട്ടിന്റെ buymysun.com പോര്‍ട്ടല്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ഹരിത കേരളം മിഷന് തയ്യാറാക്കിയ ഇനി ഞങ്ങള്‍ പറയും എന്ന ആനിമേഷന്‍ ചിത്രം അദ്ദേഹം പ്രകാശനം ചെയ്തു. പ്ലാസ്റ്റിക് നിര്‍മാര്‍ജന യജ്ഞം ഫലപ്രദമായി നടപ്പാക്കിയ സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കുമുള്ള പുരസ്കാരങ്ങള്‍ മുഖ്യമന്ത്രിയും ചടങ്ങില്‍ അധ്യക്ഷത വഹിച്ച വൈദ്യുതി മന്ത്രി എം. എം മണിയും വിതരണം ചെയ്തു. മേയര്‍ വി. കെ. പ്രശാന്ത്, അഡീഷണല്‍ ചീഫ് സെക്രട്ടറി പി. എച്ച്. കുര്യന്, ഹരിതകേരളം മിഷന് വൈസ് ചെയര്മാന് ഡോ. ടി. എന്‍. സീമ, പരിസ്ഥിതി വകുപ്പ് ഡയറക്ടര്‍ പത്മ മൊഹന്തി, ശുചിത്വ കേരളം എക്സിക്യൂട്ടീവ് ഡയറക്ടര്‍ അജയകുമാര്‍ വര്‍മ്മ എന്നിവര്‍ പങ്കെടുത്തു.
രണ്ടു നേരം കുളിക്കുന്ന മലയാളി പരിസര ശുചിത്വത്തില്‍ ശ്രദ്ധിക്കുന്നില്ല: മുഖ്യമന്ത്രി
Home /പൊതു വാർത്തകൾ/രണ്ടു നേരം കുളിക്കുന്ന മലയാളി പരിസര ശുചിത്വത്തില്‍ ശ്രദ്ധിക്കുന്നില്ല: മുഖ്യമന്ത്രി