ജൈവവൈവിധ്യ പരിപാലനത്തിൽ ബഹുജനപിന്തുണ ഉറപ്പാക്കും -മുഖ്യമന്ത്രി പിണറായി വിജയൻ
ജൈവവൈവിധ്യ സമ്പുഷ്ടമായ കേരളത്തിൽ ഇവയുടെ പരിപാലനത്തിന് ബഹുജനങ്ങളുടെ പിന്തുണ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പരിസ്ഥിതി സംരക്ഷിക്കുന്ന പ്രായോഗികമായ പദ്ധതികൾക്കും ഇടപെടലുകൾക്കുമാണ് സർക്കാർ ഊന്നൽ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. വള്ളക്കടവിൽ ജൈവവൈവിധ്യ മ്യൂസിയത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയതലത്തിൽ തന്നെ ശ്രദ്ധയാകർഷിക്കാൻ കഴിയുന്ന മ്യൂസിയമാണ് വള്ളക്കടവിൽ യാഥാർഥ്യമായത്. പരിസ്ഥിതി, ഭൗമമണ്ഡലം, ജൈവവൈവിധ്യം എന്നിവയെക്കുറിച്ച് പൊതുജനങ്ങളിൽ വ്യക്തമായ ധാരണ നൽകാൻ മ്യൂസിയം സഹായമാകും.
പരിസ്ഥിതി പ്രശ്‌നം സമൂഹം ഗൗരവമായി എടുക്കണം. നാടിന്റെ വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവുമുണ്ടാകണം. അതിനുള്ള ഉദാഹരണമാണ് ഹരിതകേരളം മിഷൻ. പലതരത്തിലുള്ള ജനകീയ ഇടപെടലുകൾ ഇക്കാര്യത്തിൽ വരുന്നുണ്ട്. കിള്ളിയാർ സംരക്ഷണത്തിനുള്ള നടപടികളാണ് ഒടുവിലത്തെ ഉദാഹരണം.
വ്യവസായങ്ങൾ വികസനത്തിന് അത്യന്താപേക്ഷിതമാണ്. എന്നാൽ വികസനത്തിന്റെ മറവിൽ പരിസ്ഥിതിയെയോ, പരിസ്ഥിതിയുടെ മറവിൽ വികസനത്തേയോ സർക്കാർ മറക്കില്ല. സന്തുലിതമായ സാമൂഹ്യ, സാമ്പത്തിക വികസനം ജൈവവൈവിധ്യ സംരക്ഷണത്തിലൂടെ നേടുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
ജൈവവൈവിധ്യ അവാർഡുകളും അദ്ദേഹം വിതരണം ചെയ്തു. ചടങ്ങിൽ സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. വള്ളക്കടവിന്റെയും ചരിത്രപ്രധാന ബോട്ടുപുരയുടേയും ഗതകാലപ്രൗഡി തിരിച്ചുകൊണ്ടുവരാൻ മ്യൂസിയം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വി.എസ്. ശിവകുമാർ എം.എൽ.എ വിശിഷ്ടാതിഥിയായിരുന്നു. മേയർ വി.കെ. പ്രശാന്ത് പി.ബി.ആർ സോഫ്റ്റ്‌വെയർ പ്രകാശനം ചെയ്തു. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് പി.കെ. കേശവൻ, പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.എ നായർ, നഗരസഭാ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ കെ. ശ്രീകുമാർ, കൗൺസിലർ ഷാജിതാ നാസർ തുടങ്ങിയവർ സംബന്ധിച്ചു.
പരിസ്ഥിതി വകുപ്പ് അഡീ. ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ സ്വാഗതവും സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. എസ്.സി. ജോഷി നന്ദിയും പറഞ്ഞു.
കേരളത്തിന്റെ ജൈവവൈവിധ്യം, വിവിധ ആവാസവ്യവസ്ഥകൾ, വംശനാശം സംഭവിച്ചതും വംശനാശഭീഷണി നേരിടുന്നതുമായ സസ്യങ്ങൾ, ജന്തുക്കൾ മുതലായവരെക്കുറിച്ച് ജനങ്ങൾക്ക് അറിവ് പകരുന്നതിനാണ് ജൈവ വൈവിധ്യ ബോർഡിന്റെ നേതൃത്വത്തിൽ മ്യൂസിയം ഒരുക്കിയിരിക്കുന്നത്.
ഇൻററാക്ടീവ് പാനലുകൾ, വീഡിയോകൾ, ത്രീഡി തീയറ്റർ, മൾട്ടിമീഡിയ പ്രൊജക്ഷനുമായി ‘സയൻസ് ഓൺ സ്പിയർ’, ജീവൻ തുളുമ്പുന്ന മോഡയുകൾ, മറ്റ് വിവിധ തരം പ്രദർശനസാമഗ്രികൾ എന്നിവ മ്യൂസിയത്തിന്റെ പ്രത്യേകതയാണ്. തിങ്കളാഴ്ച ഒഴികെയുള്ള ദിനങ്ങളിൽ രാവിലെ 10.30 മുതൽ രാത്രി ഏഴുമണിവരെയാണ് സന്ദർശന സമയം.