കാസർഗോഡ്:    തേജസ്വിനി പുഴയില്‍ നീലേശ്വരം നഗരസഭയേയും കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിച്ചുകൊണ്ട് നിര്‍മ്മിക്കുന്ന പാലായി റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ കാര്യക്ഷമതാ പരിശോധന ആരംഭിച്ചു. 65 കോടി രൂപ ചെലവില്‍ നബാര്‍ഡ് സഹായത്തോടെ സംസ്ഥാന ഇറിഗേഷന്‍ വകുപ്പാണ് 227 മീറ്റര്‍ നീളത്തിലും എട്ട് മീറ്റര്‍ വീതിയിലും ഷട്ടര്‍ കംബ്രിഡ്ജ് നിര്‍മ്മിച്ചത്.

ഓട്ടോമാറ്റിക് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന 17 ഷട്ടറുകളാണ് ഇവിടെ ഉള്ളത്. പാലായി ഷട്ടര്‍ കം ബ്രിഡ്ജ് പ്രവര്‍ത്തനക്ഷമമാകുന്നതോടെ ജില്ലയിലെ പത്തോളം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലുള്ള കുടിവെള്ളക്ഷാമം പരിഹരിക്കപ്പെടുകയും 4800 ഹെക്ടര്‍ കൃഷിയിടത്തിലെ ജലസേചനം സുഗമമാവുകയും ചെയ്യും. ഗതാഗത രംഗത്തും ടൂറിസം രംഗത്തും വലിയ മുന്നേറ്റമാണ് ഇതിലൂടെ യാഥാര്‍ത്ഥ്യമാവുക.

1957 ലെ ഇ.എം.എസ് സര്‍ക്കാര്‍ വിഭാവനം ചെയ്ത പദ്ധതി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തൃക്കരിപ്പുര്‍ എം.എല്‍.എ എം.രാജഗോപാലന്‍, മുന്‍ എം.പി. പി.കരുണാകരന്‍, ജില്ലയിലെ രാഷ്ട്രീയ നേതൃത്വവും മുന്‍കൈ എടുത്ത് 2018 ലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

 

 

.