കാസര്‍കോടിന്റെ വികസന വഴിയില്‍ കാസര്‍കോട് വികസന പാക്കേജിലൂടെ അടിസ്ഥാന മേഖലയിലുള്‍പ്പെടെ കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ 292 പദ്ധതികളാണ് പൂര്‍ത്തീകരിച്ചത്. ഭരണാനുമതി ലഭിച്ച 681.46 കോടി രൂപ അടങ്കല്‍ വരുന്ന 483 പദ്ധതികളില്‍ 292 പ്രവൃത്തികളാണ് ഇതുവരെ പൂര്‍ത്തീകരിച്ചത്. ഇവയില്‍ 200 ലധികം പദ്ധതികളും കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ടാണ് യാഥാര്‍ഥ്യമായത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം മാത്രം 73 പദ്ധതികള്‍ക്കാണ് ഭരണാനുമതി ലഭിച്ച് പ്രവര്‍ത്തനം തുടങ്ങിയത്.

കോവിഡ് മഹാമാരിക്കിടയിലും കാസര്‍കോട് വികസന പാക്കേജില്‍ ഭരണാനുമതി ലഭിച്ച 191 പ്രവൃത്തികള്‍ മുടങ്ങാതെ നടക്കുന്നുണ്ട്. ഇവയില്‍ ബഹുഭൂരിപക്ഷവും ഈ വര്‍ഷം തന്നെ പൂര്‍ത്തീകരിക്കുമെന്ന് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ.പി.രാജ്‌മോഹന്‍ പറഞ്ഞു.

2021-22 സാമ്പത്തിക വര്‍ഷത്തില്‍ 125 കോടിയുടെ പദ്ധതികള്‍ ആണ് വിഭാവനം ചെയ്തിട്ടുള്ളത്. കാസര്‍കോടിന്റെ ജലസുരക്ഷ, ഭക്ഷ്യ സുരക്ഷ, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പ്രവൃത്തികളാണ് വികസന പാക്കേജില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കുന്നത്. ഇവയെല്ലാം സമയബന്ധിതമായി നടപ്പിലാക്കിയതോടെ വലിയ കുതിച്ചു ചാട്ടമാണ് ജില്ലക്കുണ്ടായത്. ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു ചെയര്‍മാനും സ്‌പെഷ്യല്‍ ഓഫീസര്‍ ഇ പി രാജ് മോഹന്‍ കണ്‍വീനറുമായ സമിതിയാണ് കാസര്‍കോട് വികസന പാക്കേജിന്റെ നിലവിലുള്ള മുന്നേറ്റത്തിന് ചുക്കാന്‍ പിടിക്കുന്നത്.

കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പാലമായ ആയംകടവ് പാലം നിര്‍മ്മിച്ചത് കാസര്‍കോട് വികസന പാക്കേജിലൂടെയാണ്. ജില്ലയിലെ പ്രധാനപ്പെട്ട പാലങ്ങള്‍, കെട്ടിടങ്ങള്‍ തുടങ്ങിയവയൊക്കെയും ഉയരുന്നത് കാസര്‍കോട് വികസന പാക്കേജിന്റെ പിന്‍ബലത്തിലാണ്. 2013-14 സാമ്പത്തിക വര്‍ഷത്തില്‍ 27.91 കോടി രൂപ അടങ്കലില്‍ 28 പ്രവൃത്തികള്‍ക്കും 2014-15 വര്‍ഷത്തില്‍ 93.33 കോടിരൂപയുടെ 25 പ്രവൃത്തികള്‍ക്കും 2016-17 വര്‍ഷത്തില്‍ 97.51 കോടിയില്‍ 80 പ്രവൃത്തികള്‍ക്കുമാണ് ഭരണാനുമതി ലഭിച്ചത്. തുടര്‍ന്നുള്ള അഞ്ച് സാമ്പത്തിക വര്‍ഷങ്ങളില്‍ 350 പദ്ധതികള്‍ക്കായി 426.71 കോടിരൂപക്ക് ഭരണാനുമതി നേടാനായതും പ്രവൃത്തികളില്‍ ഏറെയും പൂര്‍ത്തീകരണത്തിലെത്തിയതും കെ ഡി പി യുടെ വലിയ നേട്ടമാണ്.

കാസര്‍കോടിന്റെ ഭൂഗര്‍ഭ ജലനിരക്ക് അപകടകരമാം വിധം താഴ്ന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ജില്ലയില്‍ നടപ്പാക്കിയ ജലസുരക്ഷ പദ്ധതിയുടെ ഭാഗമായി നിരവധി പ്രവര്‍ത്തനങ്ങള്‍ കാസര്‍കോട് വികസന പാക്കേജിന്റെ ഭാഗമായി നടന്നു. കള്ളാറില്‍ നിര്‍മ്മാണ പുരോഗതിയലുള്ള റബ്ബര്‍ ചെക്ക് ഡാം അവയില്‍ വേറിട്ടു നില്‍ക്കുന്നു. കാര്‍ഷിക മേഖല, മാലിന്യ നിര്‍മാര്‍ജ്ജനം, ആരോഗ്യം, വിദ്യാഭ്യാസം, റോഡ്, പാലം, വ്യവസായം തുടങ്ങി എല്ലാ മേഖലയിലും വികസന പാക്കേജ് വഴി പ്രവൃത്തികള്‍ നടപ്പിലാക്കുന്നുണ്ട്. കാസര്‍കോട് മെഡിക്കല്‍ കോളജിന്റെ നിര്‍മ്മാണവും വികസന പാക്കേജിന്റെ ഭാഗമാണ്.

ഡോ.പി.പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ പ്രവൃത്തികളില്‍ ചിലത് സാങ്കേതിക കാരണങ്ങളാല്‍ നടപ്പാക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം 6500 കോടിയുടെ പുതിയ പദ്ധതികളാണ് സര്‍ക്കാരില്‍ സമര്‍പ്പിച്ചിട്ടുള്ളത്. ഇവ ആസൂത്രണ ബോര്‍ഡിന്റെ പരിഗണനയിലാണ്.

ജില്ലയുടെ സമഗ്രവികസനത്തിനുള്ള മുന്‍ ചീഫ് സെക്രട്ടറി ഡോ.പി. പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കാസര്‍കോട് വികസന പാക്കേജ് രൂപീകരിക്കപ്പെട്ടത്. ജില്ലാ കളക്ടര്‍ ചെയര്‍മാനും പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ കണ്‍വീനറുമായ ജില്ലാതല സമിതിയാണ് പ്രഭാകരന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തതില്‍ നിന്നും അഞ്ച് കോടി രൂപ വരെ മുതല്‍ മുടക്കുള്ള പദ്ധതികള്‍ തെരഞ്ഞെടുക്കുന്നത്.

ജില്ലാതല ഉദ്യോഗസ്ഥരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. ശുപാര്‍ശ ചെയ്ത പട്ടികയില്‍ നിന്ന് ജനപ്രതിനിധികള്‍ നിര്‍ദ്ദേശിക്കുന്ന പദ്ധതികള്‍ കൂടി പരിഗണിക്കാറുണ്ട്. അഞ്ച് കോടി രൂപയില്‍ കൂടുതലുള്ള പദ്ധതികള്‍ക്ക് ചീഫ് സെക്രട്ടറി ചെയര്‍മാനും ആസൂത്രണ വകുപ്പ് സെക്രട്ടറി കണ്‍വീനറുമായ സംസ്ഥാന തല എംപവേഡ് കമ്മിറ്റിയാണ് അനുമതി നല്‍കുന്നത്. കാസര്‍കോട് വികസന പാക്കേജിനായുള്ള ഉന്നതാധികാര സമിതിയാണിത്.