ലോക രക്തദാതാ ദിനം ജൂണ്‍ 14 ന് വിവിധ പരിപാടികളോടെ ഇടുക്കി ജില്ലയില്‍ ആചരിക്കും. ‘രക്തം ദാനം ചെയ്യൂ, ലോകത്തിന്റെ സ്പന്ദനം നിലനിര്‍ത്തൂ’ എന്നതാണ് ഇത്തവണത്തെ ദിന സന്ദേശം. രക്തദാനം പ്രോത്സാഹിപ്പിക്കുക, രക്തദാതാക്കളെയും സംഘടനകളെയും ആദരിക്കുക, രക്തദാതാക്കള്‍ക്കുള്ള ഗുണങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കുക തുടങ്ങിയവയാണ് ദിനാചരണ പരിപാടികള്‍.

ജൂണ്‍ 14ന് രാവിലെ 11 മണിക്ക് ഇടുക്കി മെഡിക്കല്‍ കോളജില്‍ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ.ഫിലിപ്പ് നിര്‍വ്വഹിക്കും. ജില്ലാ കളക്ടര്‍ എച്ച്.ദിനേശന്‍ അദ്ധ്യക്ഷത വഹിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രിയ എന്‍. മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന് രക്ത ദാന ക്യാമ്പ്, രക്തദാതാക്കളെ ആദരിക്കല്‍ എന്നിവ നടത്തും.

ജൂണ്‍ 14ന് രാവിലെ 9 മണിക്ക് തൊടുപുഴ ഐ.എം.എ ബ്ലഡ് ബാങ്ക് ഹാളില്‍ നടക്കുന്ന രക്തദാന ക്യാമ്പും, ദാതാക്കളെ ആദരിക്കല്‍ ചടങ്ങും തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും.

കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ടാണു് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.