എറണാകുളം: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി പിറവത്തെ പടവെട്ടിപ്പാലം പുനർനിർമിക്കും. പിറവം – കാക്കാട് റോഡിൽ ജെ.എം.പി ആശുപത്രിക്ക്‌ സമീപം നടത്തടം തോടിന് കുറുകെയുള്ള നിലവിലെ ഇടുങ്ങിയ പാലമാണ് പുനർനിർമിക്കുന്നത്.

കെ.എസ്.ടി.പിക്കാണ് നിർമാണ ചുമതല. നിലവിൽ ഒരേസമയം ഒരുവാഹനത്തിന് മാത്രമാണ് പാലത്തിലൂടെ യാത്ര സാധ്യമാകൂ. റോഡിന് വീതി വർധിപ്പിച്ചപ്പോഴും പാലം പുതുക്കി നിർമിക്കാത്തത് ഗതാഗത തടസത്തിനും അപകടങ്ങൾക്കും കാരണമായിട്ടുണ്ട്.

നിർദ്ദിഷ്ട കുമരകം – നെടുമ്പാശ്ശേരി റോഡ് പദ്ധതിയുടെ ഭാഗമായാണ് പാലത്തിന്റെ പുനർനിർമാണം. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കുമരകത്തുനിന്ന് പെരുവ, മുളക്കുളം, പിറവം, കക്കാട്, പെരുവംമുഴി, വാളകം, മണ്ണൂർ വഴി ചുരുങ്ങിയ ദൂരത്തിൽ നെടുമ്പാശ്ശേരിയിൽ എത്താം. പദ്ധതി പിറവത്തിന്റെ വികസനത്തിന് ഊർജം പകരുമെന്ന് നഗരസഭാ വൈസ് ചെയർമാൻ കെ.പി സലിം അഭിപ്രായപ്പെട്ടു.