കാക്കനാട്: ജില്ലയിലെ മുട്ടാർ പുഴക്കു കുറുകെയുള്ള ചേരാനല്ലൂർ – ഏലൂർ – ചൗക്ക പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി 11 കോടി 70 ലക്ഷം രൂപയുടെ ഭരണാനുമതി.
പിഡബ്ല്യുഡി റോഡ്സ് ആൻ്റ് ബ്രിഡ്ജസ് ചീഫ് എൻജിനീയറുടെ സാങ്കേതിക അനുമതിയും നിർമ്മാണത്തിനു ലഭിച്ചു.
പഴയ കരാറുകാരനെ ഒഴിവാക്കി പുതിയ ടെൻഡർ വിളിച്ചായിരിക്കും നടപടികൾ പൂർത്തിയാക്കുക. ഏലൂർ, വരാപ്പുഴ ചേരാനല്ലൂർ വില്ലേജുകളിലായി ഭൂമി ഇതിനായി ഏറ്റെടുക്കാനും അനുമതി നൽകി. സ്ഥലമെടുപ്പിനായി 5 കോടി രൂപ നീക്കി വയ്ക്കും.
നബാർഡിൻ്റെ സാമ്പത്തിക സഹായത്തോടെ ചേരാനല്ലൂർ – ഏലൂർ – ചൗക്ക പാലം നിർമ്മാണത്തിനായി 2016ൽ ഭരണാനുമതി ലഭിച്ചിരുന്നു. പ്രവർത്തികൾ കരാർ നൽകുന്ന നടപടികളും പൂർത്തീകരിച്ചിരുന്നു. എന്നാൽ സ്ഥലമേറ്റെടുക്കുന്നതിനുള്ള നടപടികൾ പൂർത്തിയാകാത്തതിനാൽ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചില്ല. നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഭൂമി വിട്ടു നൽകുന്ന സ്ഥലമുടമകൾ പണം ലഭിക്കാതെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനെതിരെ കോടതിയെ സമീപിച്ചു. തുടർന്ന് ഭൂവുടമകൾക്ക് നഷ്ടപരിഹാരം നൽകാതെ പാലം നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകരുതെന്ന് കോടതി ഉത്തരവിടുകയായിരുന്നു. പാലത്തിൻ്റെ രൂപരേഖയിൽ വരുത്തിയ മാറ്റം അനുവദിക്കാനാകില്ലെന്നും കരാർ തുടരാനാകില്ലെന്ന് കാണിച്ച് കരാറുകാരനും കോടതിയെ സമീപിച്ചിരുന്നു. അതിനിടയിൽ നബാർഡിൻ്റെ കാലാവധി കഴിഞ്ഞതു മൂലം ഇവരും ഒഴിവായി. പിന്നീട് 2020 ൽ സ്ഥലമേറ്റെടുക്കാൻ ഭരണാനുമതി ലഭിക്കുകയായിരുന്നു. അഞ്ച് കോടി രൂപയാണ് അനുവദിച്ചത്. ഏലൂർ നിവാസികൾക്ക് ഏറെ പ്രയോജനം ലഭിക്കുന്നതാണ് പുതിയതായി നിർമ്മിക്കുന്ന പാലം. ഏലൂർ ഭാഗത്തുനിന്ന് ചേരാനല്ലൂർ ഹൈവേയിലേക്ക് കടക്കാനുള്ള മാർഗം കൂടിയാകും ഇത്.