മലപ്പുറം: നിലമ്പൂര്‍ – പെരുമ്പിലാവ് സംസ്ഥാന പാതയുടെ നിര്‍മാണ പ്രവൃത്തി 2022 മെയ് മാസത്തിന് മുമ്പ് പൂര്‍ത്തിയാക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. റോഡിന്റെ അവസ്ഥ പെരിന്തല്‍മണ്ണയില്‍ നേരിട്ടെത്തി വിലയിരുത്തിയ ശേഷമാണ് മന്ത്രി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്.

ഈ മാസം 17 ന് നജീബ് കാന്തപുരം എം. എല്‍. എയുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം ചേരും. മലപ്പുറം -പാലക്കാട് -തൃശൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ റോഡിന്റെ നിലവിലെ ശോചനീയാവസ്ഥ പരിഹരിക്കുക എന്നത് സര്‍ക്കാരിന്റെ ഗൗരവമായ പരിഗണനയിലുള്ള വിഷയമാണെന്ന് മന്ത്രി പറഞ്ഞു. യോഗത്തില്‍ നജീബ് കാന്തപുരം എം.എല്‍.എ, പെരിന്തല്‍മണ്ണ നഗരസഭ ചെയര്‍മാന്‍ പി. ഷാജി, കെ.എസ്.ടി.പി, പി.ഡബ്‌ളിയുഡി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.