ആലപ്പുഴ: അരൂർ,ചേർത്തല മേഖലകളിലെ കൃഷിക്ക് പ്രയോജനകരമായ വിധത്തിൽ അന്ധകാരനഴി ഷട്ടർ സമയബന്ധിതമായി അടയ്ക്കുകയും തുറക്കുകയും ചെയ്യുന്നതിനുള്ള ക്രമീകരണം ഒരുക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. ചേർത്തല വെട്ടക്കൽ എ-ബ്ലോക്ക് പാടശേഖരത്ത് നെല്ലും പച്ചക്കറി വിത്തും വിത ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാന സർക്കാർ കൃഷിക്കാർക്ക് എല്ലാ സഹായവും നൽകും. സർക്കാരിൻറെ ഭാഗത്തുള്ള വീഴ്ച ചൂണ്ടിക്കാട്ടിയാൽ ഉടൻ പരിഹാരം കാണും. എന്നാൽ നെൽകൃഷിയെ അവഗണിച്ച് വേറിട്ട പരിപാടികളുമായി ബന്ധപ്പെട്ടവർ നീങ്ങിയാൽ അത് അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. കൃഷി സംരക്ഷിക്കാന്‍ കൃഷിക്കാര്‍ മുന്നിട്ടിറങ്ങണം. വിഷമില്ലാത്ത ഭക്ഷണമേ കഴിക്കൂ എന്ന ശാഠ്യത്തിലേക്ക് മലയാളി മാറണമെന്നും നെൽകൃഷി വ്യാപിപ്പിക്കുന്നതിലൂടെ അതിന് കരുത്ത് പകരാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ സുഭിക്ഷ കേരളം പദ്ധതി പ്രകാരം 20 ഏക്കറിലും കേന്ദ്ര സർക്കാർ ആവിഷ്കരിച്ചിട്ടുള്ള അഡാക്കിന്‍റെ സംയോജിത നെല്ല്-മത്സ്യകൃഷി പദ്ധതിപ്രകാരം 40 ഏക്കറിലും പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത്, പട്ടണക്കാട് ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ എന്നിവയുടെ സഹായത്തോടെ മൂന്ന് ഗ്രൂപ്പുകളായി കൃഷിയിറക്കുകയാണ് ചെയ്യുന്നത്. വിത ഉദ്ഘാടനത്തിന് + ശേഷം പച്ചക്കറി നടീൽ ഉദ്ഘാടനം തുറവൂർ കരിനില വികസന ഏജൻസി വൈസ് ചെയർമാൻ എം സി സിദ്ധാർത്ഥൻ നിര്‍വഹിച്ചു.

എ ബ്ലോക്ക് കരിനില കർഷകസംഘം സെക്രട്ടറി മോഹൻദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോർഡിനേറ്റർ പി എന്‍ പ്രസന്നൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആർ ജീവൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജയ പ്രതാപൻ, പഞ്ചായത്ത് അംഗം കെ ഡി ജയരാജ്, ഗ്രൂപ്പ് കണ്‍വീനര്‍മാരായ കെ എസ് മുരളീധരൻ, ജിജിമോന്‍, സാജന്‍ കൃഷി അസിസ്റ്റൻറ് ഡയറക്ടര്‍ റെയ്ച്ചല്‍ സോഫി , കൃഷി ഓഫീസര്‍ സിജി. എന്‍ നാഥ്, ബേബി ഷീജ, സൂജ ഈപ്പന്‍ എന്നിവര്‍ സംസാരിച്ചു.