ഉറവിട മാലിന്യ സംസ്‌ക്കരണവും പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ നിരോധനവും സമഗ്ര ശുചിത്വ സംവിധാനവും ഒരുക്കി ജില്ലയിലെ മാതൃകാ ഗ്രാമപഞ്ചായത്തായി മാറിയിരിക്കുകയാണ് അടിമാലി. വെള്ളത്തൂവല്‍, പള്ളിവാസല്‍, കൊന്നത്തടി തുടങ്ങിയ പഞ്ചായത്തുകളുടെ പരിധിയില്‍ വരുന്ന മാലിന്യങ്ങള്‍കൂടി ഏറ്റെടുത്ത് അത്യാധുനിക സംവിധാനത്തിലൂടെ സംസ്‌ക്കരിക്കാനുള്ള നടപടിയും ആരംഭിച്ചു. ഉറവിട മാലിന്യ സംസ്‌ക്കരണ ബോധം ജനങ്ങളിലേക്കെത്തിച്ച്, പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്നതിന്റെ ശാസ്ത്രീയ വശങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് അവബോധം പകര്‍ന്ന് മാലിന്യമുക്തമായ അന്തരീക്ഷം ഒരുക്കുകയെന്ന ലക്ഷ്യത്തിലേക്ക് ഗ്രമാപഞ്ചായത്ത് ഇതിനകം എത്തിക്കഴിഞ്ഞു.
മാലിന്യ സംസ്‌ക്കരണത്തിന്റെ ആരംഭഘട്ടത്തില്‍ ദിനംപ്രതി 5 മുതല്‍ 10 ടണ്‍വരെ മാലിന്യം ശേഖരിച്ച് സംസ്‌ക്കരിച്ച് വന്നിരുന്നു. എന്നാല്‍ നിലവില്‍ രണ്ടുദിവസങ്ങളിലേക്ക് മാലിന്യ ശേഖരണവും സംസ്‌ക്കരണവും ചുരുങ്ങിയെന്നത് പഞ്ചായത്തിന്റെ നേട്ടമാണ്. ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന ഗ്രീന്‍ അടിമാലി ക്ലീന്‍ ദേവിയാര്‍ പദ്ധതിയുടെ ഭാഗമായി എയ്റോബിക് കമ്പോസ്റ്റ്, പ്ലാസ്റ്റിക് ഷ്രഡിംഗ് യൂണിറ്റ് എന്നിവയുടെ പ്രവര്‍ത്തനം ഊര്‍ജിതമായി മുന്നേറുന്നു. സ്‌കൂളുകള്‍ വഴി മൈ പ്ലാസ്റ്റിക് പദ്ധതിയിലുടെ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും പഞ്ചായത്തിലെ ഷ്രെഡിംഗ് യൂണിറ്റിലൂടെ സംസ്‌ക്കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും വിജയകരമായി പുരോഗമിക്കുന്നു. 30 ലക്ഷം രൂപ മുടക്കിയാണ് അത്യാധുനിക സജ്ജീകരണങ്ങളോടെ പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. 2016 മുതല്‍ പൊതുനിരത്തില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചും തുടര്‍ച്ചയായി പരിശോധന നടത്തി മാലിന്യം നിക്ഷേപിക്കുന്നവര്‍ക്ക് പിഴ ചുമത്തിയും പഞ്ചായത്ത് നടത്തിയ മുന്‍കരുതലുകള്‍ ഏറെ ഫലപ്രദമായി എന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ എന്‍ സഹജന്‍ പറഞ്ഞു.
50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക്കുകളുടെ നിരോധനം, വില്‍ക്കുന്നവരില്‍ നിന്ന് 4000 രൂപ ഫീസ്, മാലിന്യം നിക്ഷേപിക്കുന്നവര്‍ക്ക് 5000 രൂപ പിഴ, മാലിന്യ നിക്ഷേപം സംബന്ധിച്ച് വിവരം നല്‍കുന്നവര്‍ക്ക് 2500 രൂപ പാരിതോഷികം എന്നിങ്ങനെ പഞ്ചായത്ത് ഇറക്കിയ വിജ്ഞാപനവും വിജയം കണ്ടു. അടിമാലിയുടെ ഹൃദയഭാഗത്തുകൂടി ഒഴുകുന്ന ദേവിയാര്‍ പുഴയിലെ മാലിന്യങ്ങള്‍ പൂര്‍ണമായും കോരിമാറ്റി ശുദ്ധജലം ഒഴുകുന്ന പുഴയാക്കി മാറ്റുന്നതിനുള്ള നടപടികള്‍ പഞ്ചായത്ത് ഭരണസമിതി പൂര്‍ത്തിയാക്കി വരികയാണ്. ഈ വര്‍ഷംതന്നെ ക്ലീന്‍ ദേവിയാര്‍ എന്ന ലക്ഷ്യം കൈവരിക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. കുടുംബശ്രീയുടെ സഹകരണത്തോടെ അടിമാലിയിലെ കച്ചവട സ്ഥാപനങ്ങള്‍ക്ക് കുറഞ്ഞ ചിലവില്‍ തുണി സഞ്ചികള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടിയും പഞ്ചായത്ത് സ്വീകരിച്ചിട്ടുണ്ട്. മാലിന്യ സംസ്‌ക്കരണത്തിനൊപ്പം പ്രകൃതി വിഭവങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള തീവ്ര ശ്രമത്തിലുമാണ് പഞ്ചായത്ത് ഭരണസമിതിയിപ്പോള്‍.