തിരുവനന്തപുരം: ജില്ലയിലെ എല്ലാ ആശുപത്രികളിലും കോവിഡ് പ്രതിരോധ സാമഗ്രികളുടെ ലഭ്യത ഉറപ്പാക്കാൻ സംസ്ഥാന മെഡിക്കൽ സർവീസസ് കോർപ്പറേഷനു നിർദേശം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിന്റേതാണു തീരുമാനം.
മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലയിലെ ആശുപത്രികളിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി. ആശുപത്രികളിലെ സ്ഥിതിഗതികൾ ബന്ധപ്പെട്ട മെഡിക്കൽ സൂപ്രണ്ടുമാർ വിശദീകരിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി, ജനറൽ ആശുപത്രി, തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, എസ്.എ.ടി എന്നിവടയടക്കം ജില്ലയിലെ എല്ലാ സർക്കാർ ആശുപത്രികളിലും കോവിഡ് പ്രതിരോധ സാമഗ്രികളുടെ പൂർണ സമയ ലഭ്യത ഉറപ്പാക്കണമെന്നാണു കെ.എം.എസ്.സി.എല്ലിനു നൽകിയിരിക്കുന്ന നിർദേശം.
പി.പി.ഇ. കിറ്റ്, എൻ95 മാസ്‌ക്, ട്രിപ്പിൾ ലെയർ മാസ്‌ക്, ഹാൻഡ് സാനിറ്റൈസർ, ഫെയ്സ് ഷീൽഡ്, ഗ്ലൗസ്, സാനിറ്റൈസർ തുടങ്ങിയവയുടെ ലഭ്യതയാണ് കോർപ്പറേഷൻ ഉറപ്പാക്കേണ്ടത്. രോഗികളുടെ എണ്ണം അനുസരിച്ച് രണ്ടു ദിവസത്തേക്കുള്ള മുൻകൂർ സ്റ്റോക്ക് എല്ലാ ആശുപത്രികളിലും ഉണ്ടായിരിക്കണം. ഇവ ശേഖരിച്ചു വയ്ക്കാനുള്ള സൗകര്യം ആശുപത്രികൾ സജ്ജമാക്കണം.
എല്ലാ ആശുപത്രികളിലേയും കോവിഡ് പ്രതിരോധ സാമഗ്രികളുടെ സ്റ്റോക് പതിവായി അവലോകനം ചെയ്യാൻ ജില്ലാ മെഡിക്കൽ ഓഫിസർക്കു നിർദേശം നൽകി.  പ്രതിരോധ സമാഗ്രികളുട ഗുണനിലവാരവും കെ.എം.എസ്.സി.എൽ ഉറപ്പാക്കണമെന്നു യോഗം നിർദേശിച്ചു.
ഓൺലൈനായി ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ.എസ്. ഷിനു, കെ.എം.എസ്.സി.എൽ. ജനറൽ മാനേജർ ഡോ. ദിലീപ്, വിവിധ ആശുപത്രികളിലെ സൂപ്രണ്ടുമാർ തുടങ്ങിയവർ പങ്കെടുത്തു.