അട്ടപ്പാടി മേഖലയിലെ ആദിവാസി വിഭാഗങ്ങളിൽ 45 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ 80 ശതമാനം (8000) വാക്സിനേഷൻ പൂർത്തിയായതായി അട്ടപ്പാടി ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. ജൂഡ് അറിയിച്ചു. 18 നും 44 നും ഇടയിൽ പ്രായമുള്ളവരുടെ വാക്സിനേഷൻ 15 ശതമാനം(1600) കഴിഞ്ഞിട്ടുണ്ട്. 18 വയസിനു മുകളിലുള്ളവർക്ക് ആരോഗ്യപ്രവർത്തകരും പ്രമോട്ടർമാരും ഊരുകളിൽ നേരിട്ടെത്തി രജിസ്ട്രേഷൻ നടത്തിയാണ് വാക്സിൻ എടുക്കുന്നത്. വരും ദിവസങ്ങളിൽ 18 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷൻ കൂടുതൽ നടത്തുമെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.
കോവിഡ് ബാധിതരുള്ള പ്രദേശങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്തിവരുന്നുണ്ട്. ആവശ്യമായ ബോധവത്ക്കരണവും പ്രതിരോധ പ്രവർത്തനങ്ങളും ഊരുകളിൽ നടപ്പാക്കുന്നുണ്ട്. അടിയന്തിര ആവശ്യത്തിനായി കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ നാല് പുതിയ വെന്റിലേറ്ററുകൾ കൂടി സ്ഥാപിച്ചു. ഷോളയൂർ, ആനക്കട്ടി ഭാഗങ്ങളിലെ ഊരുകളിൽ പകൽ സമയങ്ങളിൽ ആളുകൾ ഇല്ലാത്തതിനാൽ ആരോഗ്യപ്രവർത്തകർ രാത്രികാലങ്ങളിൽ ഊരുകളിലെത്തി വാക്സിൻ എടുക്കുന്നത് തുടരുന്നതായും മെഡിക്കൽ ഓഫീസർ അറിയിച്ചു.
വാക്സിനെടുക്കാൻ വിമുഖതയുള്ളവരെ അനുനയിപ്പിക്കാൻ ഊരുകളിൽ എ.എസ്.പി നേരിട്ടെത്തി
tappady vaccination
അട്ടപ്പാടിയിലെ ആദിവാസി വിഭാഗങ്ങളിൽ വാക്സിൻ എടുക്കാൻ വിമുഖത കാണിക്കുന്നവരെ അനുനയിപ്പിക്കാൻ ഊരുകളിൽ എ.എസ്.പി. പദം സിംഗ് നേരിട്ടെത്തി. ആനക്കട്ടി എഫ്.എച്ച്.സിയുടെ കീഴിലുള്ള വട്ടുലക്കി, ലക്ഷംവീട് , പുലിയപതി തുടങ്ങിയ ഊരുകളിലാണ് ഊരുനിവാസികളെ അനുനയിപ്പിക്കാനായി എ.എസ്. പി. നേരിട്ടെത്തിയത്. വാക്സിൻ എടുത്താൽ പനി വരുമെന്നും ആടും മാടും മേക്കാൻ പോകുന്നതിന് ബുദ്ധിമുട്ടാകും തുടങ്ങി പല കാരണങ്ങളും പറഞ്ഞ് ഒഴിവായ ആളുകളെയാണ് എ. എസ്.പി നേരിട്ട് കണ്ടു കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തിയത്. എ.എസ്.പി. നേരിട്ടെത്തിയതോടെ വാക്സിൻ എടുക്കാമെന്ന് ഊരു നിവാസികൾ പറഞ്ഞു. വരുംദിവസങ്ങളിൽ ഇവിടങ്ങളിൽ വാക്സിൻ എത്തിക്കും.
ഷോളയൂർ സി.ഐ. വിനോദ് കൃഷ്ണ, അട്ടപ്പാടി ട്രൈബൽ നോഡൽ ഓഫീസർ ഡോ. പ്രഭുദാസ്, ഐ.ടി.ഡി.പി , ഐ.സി.ഡി.എസ്. ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ എന്നിവർ എ.എസ്.പി.ക്ക് ഒപ്പമുണ്ടായിരുന്നു.