പാലക്കാട്‌: ജില്ലയില് കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്ലാച്ചിമടയിലെ ഹിന്ദുസ്ഥാന് കൊക്കകോള ബിവറേജസ് ലിമിറ്റഡിന്റെ ക്യാമ്പസില് സജ്ജമാക്കിയ കോവിഡ് ചികിത്സാ കേന്ദ്രം ജൂണ് 17 ന് വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്ലൈനായി ഉദ്ഘാടനം ചെയ്യും. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്ജ് അധ്യക്ഷയാവും.
വൈദ്യുതി മന്ത്രി കെ.കൃഷ്ണന്കുട്ടി മുഖ്യാതിഥിയാവും. കോവിഡ് മാനദണ്ഡം പാലിച്ച് നടക്കുന്ന പരിപാടിയില് ജില്ലാ കലക്ടര് മൃണ്മയി ജോഷി, ചിറ്റൂര് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മുരുകദാസ്, പെരുമാട്ടി, നല്ലേപ്പുള്ളി, വടകരപ്പതി, പൊല്പ്പുള്ളി, എലപ്പുള്ളി, എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ, പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റുമാര്, മറ്റു ഉദ്യോഗസ്ഥര് പങ്കെടുക്കും.
500 ബെഡുകള് സജ്ജമാക്കും
34 ഏക്കര് ക്യാംപസില് 35000 ചതുരശ്ര അടി വിസ്തീര്ണ്ണത്തിലുള്ള കെട്ടിടത്തില് കുറഞ്ഞത് 500 ബെഡുകളാണ് സജ്ജീകരിക്കുക. ഓക്‌സിജന് ലൈനുകള് തയ്യാറാക്കാന് കഴിയുന്ന രീതിയിലുള്ള എയര് കണ്ടീഷനിംഗ് സൗകര്യത്തോടു കൂടിയ റെഡിമെയ്ഡ് ക്യാബിനുകള്, ഗ്രീന് സോണ് തയ്യാറാക്കുന്നതിനുള്ള പ്രത്യേക സ്ഥലങ്ങള്, ലാബ്, ഫാര്മസി എന്നീ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും.
വൈദ്യുതി വകുപ്പ് മന്ത്രിയും ചിറ്റൂര് നിയോജക മണ്ഡലം എം.എല്.എയുമായ കെ. കൃഷ്ണന്കുട്ടിയുടെ ഇടപെടലിനെ തുടര്ന്നാണ് ദ്രുതഗതിയില് നിര്മ്മാണ പ്രവര്ത്തനങ്ങള് പുരോഗമിച്ചത്. പ്ലാച്ചിമട കൊക്കകോള കമ്പനി സന്ദര്ശിച്ച് മന്ത്രിയുടെ അധ്യക്ഷതയില് ജനപ്രതിനിധികള്, ജില്ലാ കലക്ടര്, സബ്കലക്ടര്, ഡി.എം.ഒ എന്നിവരുമായി യോഗം ചേര്ന്ന് കോവിഡ് ചികിത്സാ കേന്ദ്രത്തിനായി നടപടികള് കൈ കൊള്ളുകയായിരുന്നു.
ജില്ലാ ഭരണകൂടവും ചിറ്റൂര് ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള ഏഴ് പഞ്ചായത്തുകളും (പെരുമാട്ടി, നല്ലേപ്പുള്ളി, വടകരപ്പതി, പൊല്പ്പുള്ളി, എലപ്പുള്ളി, എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ) കൊല്ലങ്കോട് ബ്ലോക്കിന് കീഴിലുള്ള പട്ടഞ്ചേരി പഞ്ചായത്തും ചേര്ന്ന് സംയുക്ത സംരംഭമായാണ് പ്രവര്ത്തനങ്ങള് ഏകോപിപ്പിക്കുക. സാമ്പത്തിക കാര്യങ്ങളും നടത്തിപ്പും ഉള്പ്പെടെയുള്ള മേല്നോട്ടം ഇവര്ക്ക് ആയിരിക്കും. ഇതിനായി താഴെ പറയുന്ന അംഗങ്ങളെ ഉൾപ്പെടുത്തി സമിതി രൂപീകരിച്ചിട്ടുണ്ട്:
*നോഡല് ഓഫീസര്– നെന്മാറ ഡിവിഷന് ഫോറസ്റ്റ് ഓഫീസര്
*ചെയര്പേഴ്‌സണ്– ചിറ്റൂര് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
*വൈസ് ചെയര്പേഴ്‌സണ്– പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
*കണ്വീനര്– പെരുമാട്ടി പി എച്ച് സി മെഡിക്കല് ഓഫീസര്
*ജോയിന്റ് കണ്വീനര്– ചിറ്റൂര് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി
*മറ്റ് അംഗങ്ങള്– എട്ട് പഞ്ചായത്തുകളിലെ പ്രസിഡന്റുമാരും സെക്രട്ടറിമാരും
പദ്ധതി ചെലവ്
ജില്ലാ ദുരന്തനിവാരണ അതോറിറ്റി മുഖേന ജില്ലാ ഭരണകൂടം 30 ലക്ഷം രൂപയും ചിറ്റൂര് ബ്ലോക്ക് പഞ്ചായത്ത് 30 ലക്ഷം രൂപയും ഏട്ട് ഗ്രാമപഞ്ചായത്തുകള് 10 ലക്ഷം വീതവുമാണ് പദ്ധതിക്കായി അനുവദിച്ചത്. ഇതു കൂടാതെ കേരള ആല്ക്കഹോളിക് പ്രൈവറ്റ് ലിമിറ്റഡ്, പ്രിന്സ് മൈദ, പെരുമാട്ടി സര്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, ചിറ്റൂര് സര്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് എന്നിവയും സ്‌പോണ്സര്ഷിപ്പുമുണ്ട്.
75 ലക്ഷം രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. ബാക്കി തുക അടിസ്ഥാന സൗകര്യങ്ങള് വിപുലീകരിക്കുന്നതിനും അറ്റകുറ്റപണികള്ക്കായും വകയിരുത്തും. ദൈനംദിന മെഡിക്കല് ചെലവുകള് എന്.എച്ച്.എം വഹിക്കും.
പാര്ട്ടീഷനിംഗ്, വൈദ്യുതീകരണം, ബെഡ്, കട്ടിലുകള്, ഫാന്, ലൈറ്റ് എന്നിവ സജ്ജമാക്കല്, ടോയ്‌ലറ്റ് നിര്മ്മാണം എന്നിവ നിര്മ്മിതി കേന്ദ്രയും, ട്രയെജ് ഫെസിലിറ്റി (ഗുരുതരാവസ്ഥയിലുള്ള രോഗികള്ക്ക് ചികിത്സ നല്കുന്നതിന്) സജ്ജമാക്കുന്നത്, ബയോമെഡിക്കല് മാലിന്യ നിര്മാര്ജനത്തിനുള്ള ഷെഡ്ഡുകള് ഉള്പ്പെടെയുള്ള മറ്റു പ്രവൃത്തികള് ജില്ലയിലെ വിദഗ്ധരായ എന്ജിനീയര്മാരുമാണ് പൂര്ത്തിയാക്കിയത്. എന്.എച്ച്.എം മുഖേന 100 കിടക്കകള് ഉള്ള സെന്ട്രലൈസ്ഡ് ഓക്സിഡന് ലൈന് സ്ഥാപിച്ചിട്ടുണ്ട്. 1 കെ.എല് ശേഷിയുള്ള എല്.എം.ഒ (ലിക്വിഡ് മെഡിക്കല് ഓക്‌സിജന്) ടാങ്ക് ഘടിപ്പിക്കല് ശ്രീ വെങ്കിടേശ്വര ഗ്യാസ് ഏജന്സിയാണ് നിര്വഹിച്ചത്.
പൂര്ത്തിയാക്കുന്ന സൗകര്യങ്ങള്
  • പുരുഷന്മാരുടെ വാര്ഡില് 320 കിടക്കകളും സ്ത്രീകളുടെ വാര്ഡില് 260 കിടക്കകളും ഉള്പ്പെടെ ആകെ 480 കിടക്കകള്.
  • കുട്ടികള്ക്കുളള 8 ഐസിയു, മുതിര്ന്നവര്ക്കുള്ള 12 ഐസിയു, 30 ഹൈ ഡിപ്പന്ന്റസി യൂണിറ്റുകള് ഉള്പ്പെടെ 50 ഐസിയു കിടക്കകള്.
  • 50 ഐസിയു ബെഡ്ഡുകള് ഉള്പ്പെടെ സെന്ട്രലൈസ്ഡ് ഓക്‌സിജന് ലൈന് ഉള്ള 100 കിടക്കകള്.
  • എല്ലാ ബെഡുകളിലും ആവശ്യമനുസരിച്ചുള്ള സിലിണ്ടര് സപ്പോര്ട്ട്.
  • രണ്ട് കെ.എല് വരെ ശേഷി ഉയര്ത്താവുന്ന ഒരു കെ.എല് ഓക്‌സിജന് ടാങ്ക് ഇന്ബില്ട്ട്
  • ലബോറട്ടറിയും ഫാര്മസിയും.
  • പോര്ട്ടബിള് എക്‌സ്-റേ കണ്സോള്.
  • 24*7 മണിക്കൂറും പ്രവര്ത്തിക്കുന്ന കോവിഡ് ഒ.പി സൗകര്യം.
  • 82 കെ.വി ജനറേറ്ററോടെ പവര് ബാക്കപ്പ് .
  • മണിക്കൂറില് 1000 ലിറ്റര് കപ്പാസിറ്റി ആര്ഒ പ്ലാന്റുള്ള ജലവിതരണം
സി.എസ്.ആര് ഉദ്യമത്തിന്റെ ഭാഗമായി ഹിന്ദുസ്ഥാന് കൊക്കകോള ബിവറേജസ് ലിമിറ്റഡ് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയെ സമീപിച്ച് കോവിഡ് ചികിത്സ സൗകര്യത്തിനായി പ്ലാച്ചിമടയിലെ ക്യാമ്പസ് കൈമാറാന് തയ്യാറാണെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തില് ജില്ലാ ഭരണകൂടം, ആരോഗ്യ വകുപ്പ്, എന്.എച്ച്.എം എന്നിവയുടെ പ്രതിനിധികള് സ്ഥലം സന്ദര്ശിച്ച് വിലയിരുന്നതിന് ശേഷമാണ് പ്രവര്ത്തനങ്ങള്ക്ക് തുടക്കമിട്ടത്. തമിഴ്‌നാടുമായി അതിര്ത്തി പങ്കിടുന്നതിനാല് പോസിറ്റീവ് കേസുകള് ഉയരാനുള്ള സാധ്യത മുന്നിര്ത്തിയും പ്രദേശത്തുള്ള ആദിവാസി ജനവിഭാഗം കൂടുതലായുള്ള പ്രദേശമായതിനാലും ഈ പദ്ധതി കൂടുതല് പ്രയോജനകരമാവുമെന്നും കെട്ടിടം മറ്റു ജനവാസ വ്യാപാര മേഖലകളില് നിന്നും മാറി ഒറ്റപ്പെട്ട് നില്ക്കുന്നത് ചികിത്സയ്ക്ക് ഗുണകരമാണെന്നും അധികൃതര് അറിയിച്ചു.