പാലക്കാട്: ‌അട്ടപ്പാടിയിലെ ഊരുകളിൽ മഴക്കാലങ്ങളിൽ ഭക്ഷ്യഭദ്രത ഉറപ്പാക്കാനായി ഐ.ടി.ഡി. പിയുടെ നേതൃത്വത്തിൽ ഭക്ഷ്യസുരക്ഷ പദ്ധതിയിൽ ഉൾപ്പെടുത്തി 688 കിറ്റുകൾ വിതരണം ചെയ്തതായി ഐ.ടി.ഡി.പി. പ്രൊജക്ട് ഓഫീസർ വി.കെ സുരേഷ് കുമാർ അറിയിച്ചു. അരി, പഞ്ചസാര, തേയില , വെളിച്ചെണ്ണ, വൻപയർ, കടല,പരിപ്പ്, കടുക്, മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ്, കുളിസോപ്പ്, പച്ചക്കറികൾ തുടങ്ങി 13 ഇനം സാധനങ്ങളാണ് ഓരോ കിറ്റിലും ഉള്ളത്. ഇത്തരത്തിൽ 3500 കിറ്റുകളാണ് വിതരണം ചെയ്യാൻ തയ്യാറാക്കുന്നത് വരും ദിവസങ്ങളിൽ ബാക്കിയുള്ള കിറ്റുകളും വിതരണം ചെയ്യുമെന്ന് ഐ.ടി.ഡി.പി. ഓഫീസർ അറിയിച്ചു.
കോവിഡ് പശ്ചാത്തലത്തിൽ പ്രതിസന്ധി അനുഭവിക്കുന്ന ഊര് നിവാസികൾക്ക് ആശ്വാസം നൽകുക, മഴക്കാലങ്ങളിൽ പുറത്തിറങ്ങാനാവാതെ വീടുകളിൽ തന്നെ കഴിയുന്നവർക്ക് കൃത്യമായ ഭക്ഷണം ഉറപ്പുവരുത്തുക എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. കോവിഡിനോടനുബന്ധിച്ച് 1500 കിറ്റുകൾ ഐ.ടി.ഡി.പി.യുടെ നേതൃത്വത്തിൽ നേരത്തെ വിതരണം ചെയ്തിട്ടുണ്ട്. വിദൂര ഊരുകളിൽ പ്രമോട്ടർമാരും ഐ.ടി.ഡി.പി. ജീവനക്കാരും നേരിട്ട് എത്തിയാണ് കിറ്റുകൾ വിതരണം ചെയ്യുന്നത്.