തിരുവനന്തപുരം: റവന്യൂ വകുപ്പിന്റെ സമഗ്ര നവീകരണത്തിനും പ്രവർത്തന മികവിനുമായി വിഷൻ ആൻഡ് മിഷൻ പദ്ധതി നടപ്പാക്കുമെന്നു റവന്യൂ മന്ത്രി കെ. രാജൻ.
പൊതുജനങ്ങളിൽനിന്നും ഭരണതലത്തിലെ വിവിധ വിഭാഗങ്ങളിൽനിന്നും അഭിപ്രായ രൂപീകരണം നടത്തിയാകും പദ്ധതി രൂപപ്പെടുത്തുകയെന്നും മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി അദ്ദേഹം തിരുവനന്തപുരം കളക്ടറേറ്റിൽ സന്ദർശനം നടത്തി.
വിഷൻ ആൻഡ് മിഷൻ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ടു ജില്ലാ കളക്ടർമാരുമായും മറ്റ് ഉദ്യോഗസ്ഥരുമായും ഇതിനോടകം ചർച്ചകൾ നടത്തിക്കഴിഞ്ഞു. സംസ്ഥാനത്തെ തഹസിൽദാർമാർ, വില്ലേജ് ഓഫിസർമാർ തുടങ്ങിയവരുമായി ഓൺലൈനിൽ കൂടിക്കാഴ്ച നടത്തി. പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ സ്വരൂപിക്കുന്നതിനു റവന്യൂ മന്ത്രിയുടെ ഓഫിസിൽ പ്രത്യേക സെക്ഷൻ ആരംഭിച്ചു. മാധ്യമ പ്രവർത്തകരിൽനിന്നും ഇക്കാര്യത്തിൽ അഭിപ്രായങ്ങൾ ആരായുമെന്നും മന്ത്രി പറഞ്ഞു.
വില്ലേജ് ഓഫിസുകൾ സ്മാർട്ട് ആകുന്നതിനൊപ്പം അവിടെനിന്നുള്ള സേവനങ്ങളും സ്മാർട്ട് ആകണമെന്ന് ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിൽ മന്ത്രി ചൂണ്ടിക്കാട്ടി. പരമാവധി സേവനങ്ങൾ ഓൺലൈനിലേക്കു മാറണം. ഇത് ഉദ്യോഗസ്ഥരുടെ ജോലിഭാരം കുറയ്ക്കും. പട്ടയ വിതരണം സംബന്ധിച്ച പ്രവർത്തനങ്ങൾ കാര്യക്ഷമമായി തുടരണം. സർക്കാർ ഓഫിസുകൾ ജനസൗഹൃദ ഓഫിസുകളാക്കി മാറ്റണമെന്നും മന്ത്രി പറഞ്ഞു.
ഇന്റഗ്രേറ്റഡ് പോർട്ടൽ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ വഞ്ചിയൂർ വില്ലേജ് ഓഫിസ് മന്ത്രി സന്ദർശിച്ചു. റവന്യൂ, സർവേ, രജിസ്‌ട്രേൻ വകുപ്പുകളുടെ സേവനങ്ങൾ ഒറ്റ പോർട്ടലിൽ ലഭ്യമാക്കുന്ന പദ്ധതിയാണിത്. ജില്ലയിൽ ഡിജിറ്റൽ റീസർവെ പൂർത്തിയായ വില്ലേജുകളിൽ ഈ പദ്ധതി നടപ്പാക്കാൻ മന്ത്രി നിർദേശം നൽകി. തുടർന്നു തിരുവനന്തപുരം താലൂക്ക് ഓഫിസിലും അദ്ദേഹം സന്ദർശനം നടത്തി.
കളക്ടറേറ്റിൽ നടന്ന യോഗത്തിൽ ലാൻഡ് റവന്യൂ കമ്മിഷണർ കെ. ബിജു, ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ, ജില്ലാ വികസന കമ്മിഷണർ ഡോ. വിനയ് ഗോയൽ, സബ് കളക്ടർമാരായ എം.എസ്. മാധവിക്കുട്ടി, ചേതൻകുമാർ മീണ, അസിസ്റ്റന്റ കളക്ടർ ശ്വേത നാഗർകോട്ടി, എ.ഡി.എം. ടി.ജി. ഗോപകുമാർ, ഡെപ്യൂട്ടി കളക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.