പൊതുമേഖലയ്ക്ക് പിന്നാലെ കാസർകോട് സ്വകാര്യ മേഖലയിലും ഓക്സിജൻ പ്ലാന്റ് വരുന്നു. പ്രതിദിനം 300ഓളം സിലിണ്ടറുകൾ ഉത്പാദിപ്പിക്കാൻ കഴിയുന്ന ദ്രവീകൃത ഓക്സിജൻ പ്ലാന്റ് ആണ് സ്ഥാപിക്കുന്നത്. കുമ്പള അനന്തപുരത്തെ വ്യവസായ എസ്റ്റേറ്റിലെ 50 സെന്റ് സ്ഥലത്ത് പ്ലാന്റിന്റെ നിർമാണം ആരംഭിച്ചു. കാസർകോട് സ്വദേശികളായ ഏഴ് പേർ ചേർന്നുള്ള സപ്താ ഓക്സിജൻ സൊലുഷൻസ് ആണ് പ്ലാന്റ് സ്ഥാപിക്കുന്നത്. അഞ്ച് മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മണിക്കൂറിൽ 150 ക്യുബിക് മീറ്റർ ഓക്സിജൻ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള പ്ലാന്റാണ് വരുന്നത്. ദ്രവീകൃത ഓക്സിജൻ ഗ്യാസ് രൂപത്തിൽ പരിവർത്തനം ചെയ്താവും വിതരണം. ജില്ലയിൽ സ്വന്തമായി ഓക്സിജൻ ഉത്പാദിപ്പിക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായി പൊതുമേഖലക്കൊപ്പം സ്വകാര്യ മേഖലയിലും പ്ലാന്റ് സ്ഥാപിക്കുന്നത്. പ്ലാന്റിന് വേണ്ട ഭൂമി വിട്ടു നൽകാൻ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാതല വ്യവസായ അലോട്ട്മെന്റ് കമ്മിറ്റി യോഗം തീരുമാനിച്ചു.