ജില്ലയിലെ വായനാ ദിനം വിവിധ പരിപാടികളോടെ ആചരിക്കും. പി.എൻ.പണിക്കർ ഫൗണ്ടേഷന്റെ വായനാ ദിനമായ ജൂൺ 19 മുതൽ ഐ.വി.ദാസ് അനുസ്മരണ ദിനം വരെ പക്ഷാചരണമായാണ് പരിപാടികൾ. വായനാദിനാചരണം 26 വർഷം പൂർത്തീകരിക്കുന്ന വേളയിൽ ലോക ക്ലാസിക്കുകളിലെ മഹത്തായ 26 കൃതികളെ 26 വാചകങ്ങളുടെ സംക്ഷിപ്ത രൂപത്തിൽ അവതരിപ്പിക്കുന്ന മത്സരമാണ് ഇത്തവണത്തെ പക്ഷാചരണത്തിന്റെ പ്രത്യേകത. പ്രായഭേദമില്ലാതെ എല്ലാവർക്കും ഇതിൽ പങ്കാളികളാകാം. ജില്ലാ തലത്തിൽ ഒന്നും രണ്ടും മൂന്നൂം സ്ഥാനം നേടുന്നവർക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. താലൂക്ക് തലത്തിൽ സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ വിജയികളാകുന്നവരെ ജില്ലാ തലത്തിൽ പങ്കെടുപ്പിക്കും. പ്രമുഖ എഴുത്തുകാർ അടങ്ങിയ ജൂറിയാണ് വിധിനിർണയം നടത്തുക. ഓൺലൈനായിട്ടായിരിക്കും മത്സരങ്ങളെന്ന് ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു അറിയിച്ചു.

ജില്ലാ കളക്ടർ ചെയർമാനായി സംഘാടക സമിതി രൂപീകരിച്ചു. ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. പി. പ്രഭാകരൻ, ഡി.ഡി.ഇ കെ.വി. പുഷ്പ, പി.എൻ. പണിക്കർ ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ പ്രൊഫ. കെ.പി. ജയരാജൻ, കൺവീനർ സി. സുകുമാരൻ, വൈസ് പ്രസിഡന്റ് കെ.വി. രാഘവൻ, ജില്ലാ സാക്ഷരതാ മിഷൻ കോ ഓർഡിനേറ്റർ ശ്രീജൻ പുന്നാട്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ, ജൂനിയർ സൂപ്രണ്ട് ശെൽവരാജൻ എന്നിവർ യോഗത്തിൽ സംസാരിച്ചു.