കോവിഡ് 19 ന്റെ സാഹചര്യത്തില്‍ വിദ്യാലയങ്ങള്‍ അടഞ്ഞുകിടക്കുന്നതുമൂലം കുട്ടികള്‍ക്ക് കൂട്ടുകൂടാന്‍ ഓണ്‍ലൈനായി സംഘടിപ്പിച്ച ഊരുകൂട്ടം ‘ഒന്നാണ് നമ്മള്’ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. ആദിവാസി ഗോത്ര സമൂഹത്തിലെ സ്വതവേ അന്തര്‍മുഖരായ വിദ്യാര്‍ത്ഥികളുടെ മാനസിക, വൈകാരിക പ്രശ്നങ്ങള്‍ക്ക് പരിഹാരവും പാഠ്യേതര വിഷയങ്ങളില്‍ പിന്തുണ നല്കുന്ന കാര്യത്തിലും ശ്രദ്ധ ചെലുത്തുന്ന സമഗ്രശിക്ഷ ഇടുക്കിയാണ് സംഘാടകര്‍.
ജില്ലയിലെ 66 പ്രാദേശിക പഠനകേന്ദ്രങ്ങള്‍ 13 ഊരുവിദ്യാലയങ്ങള്‍ എന്നിവിടങ്ങളില്‍ വോളണ്ടിയര്‍മാരെ നിയമിച്ച് ഓണ്‍ലൈന്‍ പഠനവും പഠന പിന്തുണയും നല്കി.
ഇടുക്കി, വയനാട്, എറണാകുളം ജില്ലകളിലെ പാര്ശ്വവല്കൃത സമൂഹത്തിലെ പ്രൈമറി തലത്തിലെ ഓണ്‍ലൈന്‍ സൗകര്യം ലഭ്യമായ കുട്ടികള്‍ക്ക് വിദ്യാലയ അനുഭവങ്ങള്‍ പരിചയപ്പെടുത്താനും, കൂട്ടുകൂടാനും, ഭാഷാശേഷി വളര്‍ത്താനും, അവരുടെ തനത് കലകള്‍ മറ്റു കുടികളിലെ കുട്ടികള്‍ക്ക് പരിചയപ്പെടുത്താനും ആരോഗ്യം, സാഹിത്യം, നാടന്‍പാട്ട് മുതലായ മേഖലയിലെ വിദഗ്ധരുമായി ആശയവിനിമയം നടത്താനും അധ്യാപകരുമായി രസകരമായി സംവദിച്ച് സ്കൂളിനോടും പഠനത്തിനുമുള്ള താല്പര്യം വര്‍ദ്ധിപ്പിക്കാനും ഒന്നാണ് നമ്മള് പരിപാടി പ്രയോജനകരമാണ്. ആഴ്ചയില്‍ വൈകുന്നേരം രണ്ടു മണിക്കൂര്‍ വീതം പൊതുവായും പിന്നീട് ക്ലാസ് തിരിച്ചുമാണ് ഓണ്‍ലൈന്‍ ഊരുകൂട്ടം നടത്തുക.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. സമഗ്ര ശിക്ഷ കേരള പ്രോജക്ട് ഡയറക്ടര്‍ ഡോ. എ.പി കുട്ടികൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോജക്ട് കോ- ഓര്‍ഡിനേറ്റര്‍ ബിന്ദു മോള് ഡി സ്വാഗതം ആശംസിച്ചു. ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശശീന്ദ്ര വ്യാസ് വി.എ, വിദ്യാഭ്യാസ ഓഫീസര്‍മാരും ചടങ്ങില്‍ പങ്കെടുത്തു.