ആലപ്പുഴ: ജില്ലയിൽ പ്രതിവാര കോവിഡ് 19 പരിശോധന നിരക്കിന്റെ (ടി.പി.ആർ) അടിസ്ഥാനത്തിൽ തദ്ദേശസ്വയംഭരസ്ഥാപനങ്ങളെ തിരിച്ച് ഏർപ്പെടുത്തിയ ഇളവുകളും നിയന്ത്രണങ്ങളും ഇന്നു (ജൂൺ 17) മുതൽ പ്രാബല്യത്തിൽ വരുമെന്ന് ജില്ല കളക്ടർ എ. അലക്‌സാണ്ടറും ജില്ല പൊലീസ് മേധാവി ജി. ജയ്‌ദേവും പറഞ്ഞു. കളക്ടറേറ്റിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ജൂൺ 10 മുതൽ ജൂൺ 16 വരെയുള്ള ടി.പി.ആർ. നിരക്കിനെ അടിസ്ഥാനമാക്കി ജൂൺ 23 വരെയാണ് നിയന്ത്രണങ്ങളും ഇളവുകളും ഏർപ്പെടുത്തിയിട്ടുള്ളത്.

ടി.പി.ആർ. എട്ടു ശതമാനത്തിൽ കുറവായ രോഗവ്യാപനം കുറഞ്ഞ പ്രദേശങ്ങളെ എ വിഭാഗത്തിലും എട്ടു മുതൽ 20 ശതമാനം വരെ ടി.പി.ആറുള്ള രോഗവ്യാപന രൂക്ഷത കുറഞ്ഞ പ്രദേശങ്ങളെ ബി വിഭാഗത്തിലും 20 മുതൽ 30 ശതമാനം വരെ ടി.പി.ആറുള്ള രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങളെ സി വിഭാഗത്തിലും 30 ശതമാനത്തിനു മുകളിൽ ടി.പി.ആറുള്ള അതിതീവ്ര രോഗവ്യാപന പ്രദേശങ്ങളെ ഡി വിഭാഗത്തിലും ഉൾപ്പെടുത്തിയാണ് നിയന്ത്രണങ്ങളും ഇളവുകളുമുള്ളത്.

ജില്ലയിൽ അതിതീവ്ര രോഗവ്യാപനമുള്ള 30 ശതമാനത്തിനു മുകളിൽ ടി.പി.ആറുള്ള ഡി വിഭാഗത്തിൽവരുന്നതദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്ല. രണ്ടു പഞ്ചായത്തുകൾ സി വിഭാഗത്തിലും ആറു നഗരസഭകളും 37 പഞ്ചായത്തുകളും ബി വിഭാഗത്തിലും 33 പഞ്ചായത്തുകൾ എ വിഭാഗത്തിലും ഉൾപ്പെടുന്നു.

സി വിഭാഗത്തിൽ വരുന്ന പഞ്ചായത്തുകൾ-പ്രതിവാര കോവിഡ് പരിശോധന നിരക്ക് ബ്രായ്ക്കറ്റിൽ:
കുത്തിയതോട്(24.32 ശതമാനം), വീയപുരം(23.32)

ബി വിഭാഗത്തിൽ വരുന്ന തദ്ദേശസ്ഥാപനങ്ങൾ:
നഗരസഭകൾ- ആലപ്പുഴ (13.67), ചെങ്ങന്നൂർ (9.37), ചേർത്തല (8.36), ഹരിപ്പാട് (12.89), മാവേലിക്കര (10.87), കായംകുളം(13.55)
ഗ്രാമപഞ്ചായത്തുകൾ- അരൂക്കുറ്റി(14.59), അരൂർ(13.27), ഭരണിക്കാവ്(9.97), മണ്ണഞ്ചേരി(13.33), ബുധനൂർ(9.63), ചെന്നിത്തല തൃപ്പെരുംന്തുറ(8.86), ചേർത്തല തെക്ക്(11.06), ചെറുതന(8.44), ചിങ്ങോലി(8.81), എടത്വാ(10.84), എഴുപുന്ന(16.87), കടക്കരപ്പള്ളി(8.35), കഞ്ഞിക്കുഴി(12.62), കോടംതുരുത്ത്(11.76), കൃഷ്ണപുരം(15.60), മാരാരിക്കുളം വടക്ക്(11.94), മാരാരിക്കുളം തെക്ക്(13.80), മാവേലിക്കര താമരക്കുളം(9.86), മാവേലിക്കര തെക്കേക്കര(12.07), മുഹമ്മ(10.91), മുളക്കുഴ(10.99), നെടുമുടി(10.18), നീലംപേരൂർ(8.82), നൂറനാട്(8.29), പാലമേൽ(12.06), പത്തിയൂർ(12.27), പെരുമ്പളം(10.19), പുളിങ്കുന്ന്(9.25), പുന്നപ്ര വടക്ക്(9.45), രാമങ്കരി(11.64), തകഴി(8.04), തലവടി(9.63), തണ്ണീർമുക്കം(11.87), തൃക്കുന്നപ്പുഴ(8.51), തുറവൂർ(14.59), തൈക്കാട്ടുശേരി(12.50), വെൺമണി(10.15)

എ വിഭാഗത്തിൽ വരുന്ന പഞ്ചായത്തുകൾ: ആറാട്ടുപുഴ(7.76), ആല(6.67), അമ്പലപ്പുഴ വടക്ക്(7.98), അമ്പലപ്പുഴ തെക്ക്(4.37), ആര്യാട്(7.86), ചമ്പക്കുളം(4.19), ചേന്നംപള്ളിപ്പുറം(7.27), ചേപ്പാട്(7.50), ചെറിയനാട്(3.26), ചെട്ടികുളങ്ങര(6.89), ചുനക്കര(7.16), ദേവികുളങ്ങര(6.02), കൈനകരി(5.36), കണ്ടല്ലൂർ(6.90), കാർത്തികപ്പള്ളി(4.19), കരുവാറ്റ(6.99), കാവാലം(7.64), കുമാരപുരം(5.53), മാന്നാർ(6.99), മുതുകുളം(7.11), മുട്ടാർ(6.39), പള്ളിപ്പാട്(3.15), പാണാവള്ളി(6.29), പാണ്ടനാട്(7.49), പട്ടണക്കാട്(4.90), പുലിയൂർ(6.56), പുന്നപ്ര തെക്ക്(4.71), പുറക്കാട്(6.19), തഴക്കര(6.85), തിരുവൻവണ്ടൂർ(7.55), വള്ളിക്കുന്നം(5.43), വയലാർ(6.41), വെളിയനാട് (5.04)

വിഭാഗം തിരിച്ച് ഒരോ മേഖലയിലും സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും ഇളവുകളും ജനങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ല കളക്ടർ എ. അലക്‌സാണ്ടർ പറഞ്ഞു. നിയന്ത്രണങ്ങളും ഇളവുകളും സംബന്ധിച്ച ഉത്തരവ് ചൊവ്വാഴ്ച സംസ്ഥാന സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. ജനങ്ങൾ അതീവജാഗ്രതയോടെ പെരുമാറണം. ടി.പി.ആർ. നിരക്ക് കൂടുതലുള്ള തദ്ദേശസ്ഥാപനങ്ങളിൽ പരിശോധനകളുടെ എണ്ണം വർധിപ്പിക്കും. എല്ലായിടത്തും പരിശോധന വ്യാപകമാക്കും.

നിലവിലുള്ള പരിശോധന കേന്ദ്രങ്ങൾക്കു പുറമേ 14 മൊബൈൽ പരിശോധന കേന്ദ്രങ്ങളെക്കൂടി നിയോഗിച്ചിട്ടുണ്ട്. രോഗവ്യാപനം കുറയ്ക്കാനുള്ള കർശന നടപടികളുണ്ടാകും. കൂടുതൽ ഓക്‌സിജൻ ബെഡുകൾ തയാറാക്കിയിട്ടുണ്ട്. ആലപ്പുഴ ജനറൽ ആശുപത്രിയിലും വനിത-ശിശു ആശുപത്രിയിലും ഓക്‌സിജൻ പ്ലാന്റുകൾ തയാറായിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.

സി വിഭാഗത്തിലുള്ള പഞ്ചായത്തുകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ജില്ല പൊലീസ് മേധാവി ജി. ജയ്‌ദേവ് പറഞ്ഞു. ജനങ്ങൾ ജാഗ്രതയോടെ പെരുമാറണം. ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ നിയന്ത്രണമാണ്. ഇളവുകൾ ലഭിച്ച പ്രദേശങ്ങളിൽ അവ ദുരുപയോഗം ചെയ്യരുത്. നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചിട്ടുണ്ടെങ്കിലും നിയന്ത്രണം തുടരുകയാണെന്നും ജില്ല പൊലീസ് മേധാവി പറഞ്ഞു. ജില്ല ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാറും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.