പാലക്കാട്:  കോവിഡ് മൂന്നാം തരംഗം പ്രതിരോധിക്കുന്നതിന്റെ ഭാഗമായുള്ള മുന്നൊരുക്കങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. സര്‍ക്കാര്‍ ചികിത്സാ കേന്ദ്രങ്ങളിലും സ്വകാര്യ ആശുപത്രികളിലും കോവിഡ് ചികിത്സാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ജില്ലയില്‍ തുടക്കമായത്.

രണ്ടാം തരംഗത്തില്‍ ഉണ്ടായിരുന്ന കോവിഡ് രോഗികളെക്കാള്‍ ഇരട്ടി രോഗികള്‍ മൂന്നാം തരംഗത്തില്‍ ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ചികിത്സാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതെന്ന് ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജ്‌മെന്റ് സപ്പോര്‍ട്ട് യൂണിറ്റ് (ഡി.പി.എം.എസ്.യു) നോഡല്‍ ഓഫീസര്‍ മേരി ജ്യോതി അറിയിച്ചു.

കൂടുതലും കുട്ടികളില്‍ രോഗബാധ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പീഡിയാട്രിക് വാര്‍ഡുകളിലെ ചികിത്സാ സൗകര്യവും വര്‍ദ്ധിപ്പിക്കുന്നുണ്ട്. ജില്ലാശുപത്രി, അഞ്ച് താലൂക്ക് ആശുപത്രികള്‍, കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, മാങ്ങോട് കേരള മെഡിക്കല്‍ കോളേജ്, കിന്‍ഫ്ര കോവിഡ് ആശുപത്രി, പ്ലാച്ചിമട കോവിഡ് ചികിത്സ കേന്ദ്രം, റെയില്‍വേ ആശുപത്രി, ഇ എസ് .ഐ എന്നിവിടങ്ങളിലാണ് ചികിത്സാസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക. 1076 കിടക്കകളും, 524 ഓക്‌സിജന്‍ കിടക്കകളും, 185 ഐ.സി.യു കിടക്കകളും, 32 നോണ്‍ ഇന്‍വാസീവ് വെന്റിലേറ്ററുകളും, 62 ഇന്‍വാസീവ് വെന്റിലേറ്ററുകളും സജ്ജമാക്കാനാണ് ലക്ഷ്യമിടുന്നത്.

സ്വകാര്യ ആശുപത്രികളില്‍ 983 കിടക്കകളും 558 ഓക്‌സിജന്‍ കിടക്കകളും 356 ഐ.സി.യു കിടക്കകളും 49 നോണ്‍ ഇന്‍വാസീവ് വെന്റിലേറ്ററുകളും 65 ഇന്‍വാസീവ് വെന്റിലേറ്ററുകളും കോവിഡ് രോഗികള്‍ക്കായി സജ്ജമാക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ ജില്ലയിലെ ഒമ്പത് സര്‍ക്കാര്‍ ചികിത്സാ കേന്ദ്രങ്ങളിലായി 572 സാധാരണ കിടക്കകളും 19 സ്വകാര്യ ആശുപത്രികളിലായി 932 കിടക്കകളുമാണ് ഉള്ളത്.

സര്‍ക്കാര്‍ ആശുപത്രികളില്‍ 184 ഓക്‌സിജന്‍ ബെഡ്, 140 ഐ.സി.യു ബെഡ്, 24 നോണ്‍ ഇന്‍വാസീവ് വെന്റിലേറ്ററുകള്‍ 40 ഇന്‍വാസീവ് വെന്റിലേറ്ററുകള്‍, സ്വകാര്യ ആശുപത്രികളില്‍ 521 ഓക്‌സിജന്‍ ബെഡ്ഡുകള്‍, 204 ഐ.സി.യു ബെഡുകള്‍, 52 നോണ്‍ ഇന്‍വാസീവ് വെന്റിലേറ്ററുകള്‍ 62 ഇന്‍വാസീവ് വെന്റിലേറ്ററുകള്‍ എന്നിങ്ങനെയാണ് ഉള്ളത്.

കുട്ടികള്‍ക്കുള്ള ചികിത്സാ സൗകര്യം വര്‍ദ്ധിപ്പിക്കും

മേല്‍സൂചിപ്പിച്ച സര്‍ക്കാര്‍ ചികിത്സാ കേന്ദ്രങ്ങളില്‍ കുട്ടികള്‍ക്കായുള്ള ചികിത്സാ സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നുണ്ട്. പീഡിയാട്രിക് വാര്‍ഡില്‍ 119 കിടക്കകള്‍, 111 ഓക്‌സിജന്‍ ബെഡ്ഡുകള്‍, 33 ഐ.സി.യുകള്‍ എന്നിങ്ങനെ വര്‍ദ്ധിപ്പിക്കും. വെന്റിലേറ്റര്‍ സൗകര്യവും സജ്ജമാക്കും. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ 70 ഉം ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ 20 ഉം ഓക്‌സിജന്‍ കിടക്കകളാണ് സജ്ജമാക്കുന്നത്. പ്ലാച്ചിമടയില്‍ ആരംഭിക്കുന്ന ചികിത്സാകേന്ദ്രത്തില്‍ 25 ഐ.സി.യു ബെഡ്ഡുകളും സജ്ജമാക്കുന്നുണ്ട്.

നിലവില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ 67 കിടക്കകള്‍ ഉള്‍പ്പെടെ വിവിധ ആശുപത്രികളിലായി പീഡിയാട്രിക് വാര്‍ഡില്‍ 109 കിടക്കകള്‍, 21 ഓക്‌സിജന്‍ ബെഡ്ഡുകള്‍, എട്ട് ഐ.സി.യുകള്‍ , വെന്റിലേറ്റര്‍ സൗകര്യം എന്നിവ കോവിഡ് ചികിത്സയ്ക്കായി ഉണ്ട്. കൂടാതെ മൂന്നാം തരംഗത്തെ നേരിടാന്‍ 10 സി.എഫ്.എല്‍.ടി.സികള്‍, നാല് സി.എസ്.എല്‍.ടി.സികള്‍, 60 ഡൊമിസിലറി കെയര്‍ സെന്ററുകള്‍ എന്നിവ പര്യാപ്തമാണെന്നുമാണ് കണക്കുകൂട്ടല്‍.