ലോക രക്തദാതാ ദിനാചരണത്തോടനുബന്ധിച്ച് കോട്ടയം ജില്ലയില്‍ ഇന്ന്(ജൂണ്‍ 17) വെബിനാര്‍, രക്തദാതാക്കളെ ആദരിക്കല്‍, രക്തദാന ക്യാമ്പ് എന്നിവ സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് അറിയിച്ചു.

രക്തം ദാനം ചെയ്യൂ, ലോകത്തിന്റെ സ്പന്ദനം നിലനിര്‍ത്തൂ എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണത്തിന്റെ സന്ദേശം. ശസ്ത്രക്രിയ, പ്രസവം, കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങളുടെ ചികിത്സ തുടങ്ങിയവയ്ക്ക് രക്തം ആവശ്യമായി വരുമ്പോള്‍ ലഭ്യമാക്കാന്‍ സന്നദ്ധ രക്തദാനം അനിവാര്യമാണ്. ജില്ലയില്‍ ഒരു വര്‍ഷം 20000 യൂണിറ്റ് രക്തം ആവശ്യമുണ്ടെന്നാണ് കണക്ക്. 18 വയസുമുതല്‍ മൂന്നു മാസത്തിലൊരിക്കല്‍ രക്തബാങ്കിലെത്തി രക്തം നല്‍കുന്ന ശീലം യുവജനങ്ങളില്‍ വളര്‍ത്തിയെടുക്കുന്നതിലൂടെ ലഭ്യത ഉറപ്പുവരുത്താനാകും.

ദിനാചരണത്തിന്റെ ഭാഗമായി കോട്ടയം കളക്ട്രേറ്റില്‍ ഇന്നു രാവിലെ 10നു നടക്കുന്ന സന്നദ്ധ രക്തദാന ക്യാമ്പില്‍ ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ 20 പേര്‍ രക്തംനല്‍കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കുന്ന ചടങ്ങില്‍ ജില്ലയില്‍ കൂടുതല്‍ തവണ രക്തം ദാനം ചെയ്തവരെ ആദരിക്കും.

ആരോഗ്യവകുപ്പ്, ആരോഗ്യകേരളം, ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍, പാലാ ബ്ലഡ് ഫോറം എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. കോട്ടയം സേക്രഡ് ഹാര്‍ട്ട് മെഡിക്കല്‍ സെന്ററിലെ ബ്ലഡ് മൊബൈല്‍ വാനിലാണ് രക്തദാനം നടക്കുക.

വൈകുന്നേരം ആറിന് നടക്കുന്ന വെബിനാറില്‍ വിവിധ കോളജുകളിലെ 100 നാഷണല്‍ സര്‍വീസ് സ്‌കീം വോളണ്ടീയര്‍മാര്‍ പങ്കെടുക്കും. ജില്ലാ കളക്ടര്‍ എം അഞ്ജന ഉദ്ഘാടനം ചെയ്യും. കോട്ടയം മെഡിക്കല്‍ കോളേജ് ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ ചിത്ര ജെയിംസ് വെബിനാര്‍ നയിക്കും.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വർഗ്ഗീസ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ. ട്വിങ്കിള്‍ പ്രഭാകരന്‍ എന്നിവര്‍ പങ്കെടുക്കും. വെബിനാറിന്റെ ലൈവ് ജില്ലാ കളക്ടറുടെ ഫേസ് ബുക്ക് പേജില്‍(kottayamcollector) ലഭ്യമാകും.