മന്ത്രിയായ ശേഷം ആദ്യമായി ഇടുക്കി കളക്ടറേറ്റിലെത്തിയ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെ ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ സ്വീകരിക്കുന്നു

കോവിഡ് പ്രതിസന്ധിയെ മറികടക്കുന്നതിനുള്ള സഹായദൗത്യത്തില്‍ പങ്കുചേര്‍ന്ന് രണ്ടു സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാര്‍. മോട്ടോര്‍ വാഹന വകുപ്പ ജീവനക്കാരും മൃഗസംരക്ഷണ വകുപ്പു ജീവനക്കാരുമാണ് സഹായ ഹസ്തവുമായി രംഗത്തെത്തിയത്. മോട്ടോര്‍ വാഹന വകുപ്പിന്റെ കളക്റേറ്റിലെ ജില്ലാ ഓഫീസിലെ 33 ജീവനക്കാര്‍ അവരുടെ രണ്ടു ദിവസത്തെ ശമ്പളം ഉപയോഗിച്ച് ചെറുതോണി, കരിമ്പന്‍, പൈനാവ്, തടിയമ്പാട് എന്നിവിടങ്ങളിലെ നൂറ് ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്കു ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. ജില്ലയുടെ ചുമതലയുള്ള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ കളക്ടറേറ്റില്‍ ഇവ വിതരണം ചെയ്തു. മന്ത്രിയായ ശേഷം ആദ്യമായി കളക്ടറേറ്റില്‍ കോവിഡ് അവകലോകന യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. ചടങ്ങില്‍ എംഎല്‍എമാരായ എം എം മണി, വാഴൂര്‍ സോമന്‍, എ രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് എന്നിവരും ജില്ലാ കളക്ടര്‍ എച്ച് ദിനേശനും മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു. മോട്ടോര്‍ വാഹന വകുപ്പിലെ സംസ്ഥാന ജീവനക്കാര്‍ നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 12 ലക്ഷം രൂപ നല്‍കിയിരുന്നു. ഇടുക്കി ആര്‍ടി ഓഫീസിലെ ജീവനക്കാര്‍ 21000 രൂപയും നല്‍കി. കോവിഡിനെ തുടര്‍ന്നുള്ള പ്രതിസന്ധി മൂലം ഓട്ടോറിക്ഷാ തൊഴിലാളികള്‍ വലിയ ദുരിതമാണ് അനുഭവിക്കുന്നത്. നാളുകളായി ഓട്ടമില്ലാത്തതിനാല്‍ വരുമാനം തീരെ നിലച്ച സാഹചര്യത്തിലാണ് ഇവരെ സഹായിക്കാന്‍ തീരുമാനിച്ചതെന്നു ആര്‍ടിഒ ആര്‍ രമണന്‍ പറഞ്ഞു. എംവി ഐമാരായ പി എ സമീര്‍, നിധീഷ്‌കുമാര്‍, എ എം വി ഐമാരായ പ്രസാദ്, രൂപേഷ്, സൂപ്രണ്ടുമാരായ അരുണ്‍കുമാര്‍, മനാഫ് എന്നിവരും മറ്റു ജീവനക്കാരും സഹായ ദൗത്യത്തില്‍ പങ്കാളികളായി.

മൃഗസംരക്ഷണ വകുപ്പിലെ ജീവനക്കാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒന്നാംഘട്ടമായി സമാഹരിച്ച 35035 രൂപയുടെ ഡിഡി ജീവനക്കാരും ജീവനക്കാരുടെ വാട്സാപ്പ് കൂട്ടായ്മയുടെ അഡ്മിന്‍മാരുമായ ഷീന്‍ ജോസഫ്, ബി എന്‍ ബിജിമോള്‍ എന്നിവര്‍ ചേര്‍ന്ന് മന്ത്രി റോഷി അഗസ്റ്റിനു കൈമാറി.ജീവനക്കാരുടെ മറ്റ് പ്രതിനിധികളായ ഡോ. തോമസ് മണവാളന്‍, കെ. ജി. ജേക്കബ്, ഷിഹാബ് പരീത്, വി. ജെ. ബെന്നിച്ചന്‍ എന്നിവരും സന്നിഹിതരായിരുന്നു.

#idukkidistrict
#keralagovernment