നാടിന് കരുതലും കരുത്തുമായി തളിക്കുളം ഗ്രാമപഞ്ചായത്തിന്റെ യൂത്ത് ആക്ഷന്‍ ഫോഴ്സ് ടീം. കോവിഡ് രണ്ടാം തരംഗത്തിലും കൂട്ടായ്മയിലൂടെ കോവിഡിനെതിരെ പോരാടുകയാണ് യൂത്ത് ആക്ഷന്‍ ഫോഴ്സ് ടീമിലെ 13 പേരടങ്ങുന്ന യുവജനങ്ങള്‍. പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി ജനപ്രതിനിധികളും ജനങ്ങളും ഇവരോടൊപ്പമുണ്ട്.കോവിഡ് വാക്‌സിനേഷന്‍ സെന്ററുകള്‍, പരിശോധന ക്യാമ്പുകള്‍, ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍, ഡോമിസിലറി കെയര്‍ സെന്റര്‍, ഓക്‌സിജന്‍ സിലിണ്ടറുകള്‍ ശേഖരിച്ച് വാര്‍ റൂമില്‍ എത്തിക്കല്‍, മഴക്കാല മുന്നൊരുക്ക നടപടികളുടെ ഭാഗമാകുക തുടങ്ങി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കൊപ്പവും പോലിസിനൊപ്പവും ഇവര്‍ സേവനമനുഷ്ഠിക്കുന്നു.

ലോക്ക്ഡൗണ്‍ സമയങ്ങളിലും നിരീക്ഷണത്തില്‍ കഴിയുമ്പോഴും പുറത്തിറങ്ങാന്‍ കഴിയാത്തവര്‍ക്ക് വീടുകളിലേക്ക് അവശ്യ സാധനങ്ങള്‍, മരുന്ന് എന്നിവ എത്തിക്കല്‍, ബോധവല്‍ക്കരണം നല്‍കല്‍, വിദ്യാലയങ്ങള്‍ സ്ഥാപനങ്ങള്‍ കോവിഡ് രോഗികളുടെ വീടുകള്‍ എന്നിവടങ്ങളില്‍ അണുനശീകരണം നടത്തുക, ചികിത്സാ സഹായം എത്തിക്കല്‍, തെരുവില്‍ കഴിയുന്ന അശരണര്‍ക്ക് ഭക്ഷണം നല്‍കുക തുടങ്ങിയ സേവനങ്ങള്‍ ഇവര്‍ നടത്തി വരുന്നു. കോവിഡ് മൂലം മരിച്ചവരുടെ മൃതദേഹം സംസ്‌കരിക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍ യൂത്ത് ആക്ഷന്‍ ഫോഴ്‌സ് ടീം പങ്കു ചേരുന്നു.തളിക്കുളത്ത് മാത്രമല്ല ഈ യൂത്ത് ആക്ഷന്‍ ഫോഴ്‌സിന്റെ ടീം സേവനം നടത്തുന്നത്. അടുത്ത പഞ്ചായത്തായ നാട്ടികയിലും ചാവക്കാടും ഇവര്‍ സേവനം എത്തിക്കുന്നുണ്ട്.