കോവിഡ് മഹാമാരി കാലത്ത് ഒരു ജീവൻ പോലും നഷ്ടപ്പെടാതെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്താൻ മുൻകൈയെടുക്കുന്നതെന്ന്‌ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. ഇതിന്റെ ഭാഗമായാണ് ഹിന്ദുസ്ഥാൻ കൊക്കകോള കമ്പനിയിൽ നിന്ന് വിട്ടു കിട്ടിയ കെട്ടിടത്തിൽ കോവിഡ് ചികിത്സാ കേന്ദ്രം ആരംഭിക്കാൻ തീരുമാനിച്ചത്. പ്ലാച്ചിമട കൊക്കകോള കമ്പനിയിൽ ആരംഭിച്ച കോവിഡ് ചികിത്സാകേന്ദ്രത്തിന്റെ ഉദ്ഘാടന പരിപാടിയിൽ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു മന്ത്രി.
മൂവായിരത്തോളം പേരുടെ സഹായത്തോടെയാണ് വളരെ കുറഞ്ഞ ദിവസത്തിനിടയിൽ 35000 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടത്തിൽ സൗകര്യങ്ങൾ ക്രമീകരിച്ചത്. ഇരുപതോളം സന്നദ്ധപ്രവർത്തകർ യാതൊരു വേതനവും കൂടാതെയാണ് പ്രവർത്തനത്തിൽ പങ്കാളികളായത്. പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മുഴുവൻ പഞ്ചായത്ത് പ്രസിഡണ്ടുമാരോടും വിവിധ സ്ഥാപനങ്ങളോടും മന്ത്രി പ്രത്യേകം നന്ദി അറിയിച്ചു. ചിറ്റൂർ മേഖലയിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താൻ കഴിയാത്തതും വലിയ വെല്ലുവിളി ഉയർത്തിയിരുന്നു. ചികിത്സാ കേന്ദ്രം ആരംഭിക്കുന്നതോടെ പ്രശ്നങ്ങൾക്ക് പൂർണ പരിഹാരമാകുമെന്നും മന്ത്രി അറിയിച്ചു. പദ്ധതിക്കായി സ്ഥലം നൽകിയ കൊക്കകോള കമ്പനിയെയും മാനേജ്മെന്റ്നെയും മന്ത്രി അഭിനന്ദിച്ചു.