തൃശ്ശൂർ:  കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കടവല്ലൂർ ഗ്രാമപഞ്ചായത്തിൽ കിടപ്പു രോഗികൾക്ക് വീട്ടിൽ ചെന്നുള്ള കോവിഡ് വാക്സിനേഷൻ പദ്ധതി ആരംഭിച്ചു. തിരഞ്ഞെടുത്ത കിടപ്പിലായ മുഴുവൻ രോഗികളെയും കോവിഡ് വാക്സിനേഷൻ നൽകുന്നതിന് വേണ്ടി ‘അരികെ’ എന്ന പേരിൽ വാക്സിൻ നൽകുന്ന പരിപാടിയാണ് ആരംഭിച്ചത്.

കടവല്ലൂർ ഗ്രാമപഞ്ചായത്തിലെ പെയിൻ ആൻ്റ് പാലിയേറ്റീവിൽ രജിസ്റ്റർ ചെയ്ത 250 ഓളം കിടപ്പിലായ രോഗികൾക്കാണ് വാക്സിൻ നൽകുന്നത്. ഇതിനായി ഗ്രാമ പഞ്ചായത്ത് പ്രത്യേകം തയ്യാറാക്കിയ ആംബുലൻസ് സംവിധാനവും ഇതോടൊപ്പം സജ്ജമാക്കി. പെരുമ്പിലാവ് കുടുംബാരോഗ്യ കേന്ദ്രം ഡോക്ടറുടെ നേതൃത്വത്തിലുള്ള ഹെൽത്ത് സംഘമാണ് നേതൃത്വം നൽകുന്നത്.

പദ്ധതി പ്രകാരം വാർഡ് തലത്തിൽ പഞ്ചായത്ത് മെമ്പർമാരുടെ നേതൃത്വത്തിൽ ആർ ആർ ടി അംഗങ്ങളും ആശാ പ്രവർത്തകരും മുൻകൂട്ടി സമ്മതപത്രം ഒപ്പിട്ടു തന്ന കിടപ്പു രോഗികൾക്ക് വാക്സിനേഷൻ നൽകുകയും തുടർന്ന് ഒരു ആർ ആർ ടി അംഗം അരമണിക്കൂർ രോഗിയെ നിരീക്ഷിക്കുകയും ചെയ്യും.പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം എ സി മൊയ്തീൻ എം എൽ എ നിർവഹിച്ചു.

കടവല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഐ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംംഗം പത്മം വേണുഗോപാൽ, ജില്ലാ എൻ ആർ എച്ച് എം പ്രോഗ്രാം മാനേജർ ഡോ. ടി വി സതീശൻ, ആർ സി എച്ച് ഓഫീസർ ഡോ. പ്രേംകുമാർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫൗസിയ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ജയൻ പൂളക്കൽ, മറ്റ് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻമാരായ പ്രഭാത് മുല്ലപ്പിള്ളി, ബിന്ദു ധർമ്മൻ, വാർഡ് മെമ്പർ ഹക്കിം, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. അഭിലാഷ് ഹെൽത്ത് ഇൻസ്പെക്ടർ ജീജ, രാജി വിജി, സെക്രട്ടറി ഉല്ലാസ് കുമാർ എന്നിവർ സംസാരിച്ചു.