കോട്ടയം: ഭാവനയുടെയും അറിവിന്റെയും വിപുല ലോകം തുറന്നു നല്‍കുന്ന വായനയുടെ സാധ്യതകള്‍ വിദ്യാര്‍ഥികള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന പറഞ്ഞു. വായനാ ദിനാചരണത്തിന്‍റയും ദേശീയ വായനാ മഹോത്സവത്തിന്‍റെയും കോട്ടയം ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു കളക്ടര്‍.

പാഠപുസ്തകങ്ങള്‍ക്കപ്പുറമുള്ള വിശാലമായ ലോകത്തിലേക്കാണ് വായന നമ്മെ നയിക്കുന്നത്. വായനയുടെ മാധ്യമം ഏതായിരുന്നാലും വായിച്ചറിയുന്നതെല്ലാം ജീവിതത്തില്‍ മുതല്‍ക്കൂട്ടാണെന്ന ബോധ്യം വിദ്യാര്‍ഥികള്‍ക്കുണ്ടാകണം-കളക്ടര്‍ പറഞ്ഞു.

ജില്ലയിലെ എല്ലാ സ്‌കൂളുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട അധ്യാപകരും വിദ്യാര്‍ഥികളും പങ്കെടുത്ത ഓണ്‍ലൈന്‍ ചടങ്ങില്‍ വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് കളക്ടര്‍ മറുപടി നല്‍കി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.ജെ. പ്രസാദ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ ചെയര്‍മാന്‍ പി.ജി.എം നായര്‍ കാരിക്കോട് പി.എന്‍. പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി.. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജസ്റ്റിന്‍ ജോസഫ്, ദേശീയ വായനാ മിഷന്‍ പ്രതിനിധി എം. ആദര്‍ശ് തുടങ്ങിയവര്‍ പങ്കെടുത്തു.