പാലക്കാട്:   ജില്ലയിലെ അതിഥി തൊഴിലാളികൾക്കുള്ള കോവിഡ് വാക്സിനേഷൻ ആരംഭിച്ചു. വാക്സിനേഷന്റെ ജില്ലാതല ഉദ്ഘാടനം ഒറ്റപ്പാലം എൽ. എസ്.എൻ. ജി.എച്ച്. എസ്.എസിൽ അഡ്വ. കെ പ്രേംകുമാർ എം.എൽ.എ നിർവഹിച്ചു. ഒറ്റപ്പാലം, കൊഴിഞ്ഞാമ്പാറ എന്നീ രണ്ട് വാക്സിനേഷൻ ക്യാമ്പുകളിൽ നിന്നായി 274 അതിഥി തൊഴിലാളികളാണ് വാക്സിൻ സ്വീകരിച്ചത്. ഒറ്റപ്പാലം എൽ. എസ്.എൻ. ജി. എച്ച്. എസ്.എസ് ക്യാമ്പിൽ നിന്നും 221 പേരും കൊഴിഞ്ഞാമ്പാറ വണ്ണാമട പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടന്ന ക്യാമ്പിൽ 53 പേരും വാക്സിൻ സ്വീകരിച്ചു.

കോവിഡ് രണ്ടാം തരംഗത്തിൽ പ്രതിരോധം തീർക്കുന്നതിനായി സംസ്ഥാനത്തെ വിവിധ തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികൾക്ക് വാക്സിൻ നൽകുന്നത് എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുനിർത്തുന്ന സർക്കാർ നയമാണെന്ന് എം.എൽ.എ പറഞ്ഞു. ഇതിനായി ആത്മാർത്ഥമായി ശ്രമിക്കുന്ന തൊഴിൽ – ആരോഗ്യ വകുപ്പ് ജീവനക്കാരെ എം.എൽ.എ അഭിനന്ദിച്ചു. മെഡിക്കൽ ഓഫീസർ ഡോ. സുനിത, കൊഴിഞ്ഞാമ്പാറ അസിസ്റ്റന്റ് ലേബർ ഓഫീസർ ജോബി തോമസ്, വണ്ണാമട ഹെൽത്ത് ഇൻസ്പെക്ടർ നിഷാദ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

ലേബർ വകുപ്പിന്റെ ആഭിമുഖ്യത്തിൽ അതിഥി തൊഴിലാളികളുടെ വിവരങ്ങൾ സർവേയിലൂടെ ശേഖരിച്ചിരുന്നു. ഇത് പ്രകാരം തൊഴിൽ ഉടമകൾ മുഖേന കോവിഡ് പോർട്ടലിൽ രജിസ്റ്റർ ചെയ്താണ് വാക്സിൻ എടുക്കുന്നത്. നിലവിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക് വാക്സിൻ നൽകിയിട്ടുണ്ട്. കൂടുതൽ തൊഴിലാളികൾ രജിസ്റ്റർ ചെയ്യുന്നതിന് അനുസരിച്ച് വാക്സിനേഷൻ സൗകര്യം ഏർപ്പെടുത്തുമെന്ന് ജില്ലാ ലേബർ ഓഫീസ് അറിയിച്ചു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഒറ്റപ്പാലം എൽ. എസ്. എൻ. ജി. എച്ച്. എസ് എസിൽ നടന്ന ജില്ലാതല ഉദ്ഘാടനത്തിൽ ഒറ്റപ്പാലം നഗരസഭാ ചെയർപേഴ്സൺ ജാനകി ദേവി, വൈസ് ചെയർമാൻ രാജേഷ്, ഒറ്റപ്പാലം അസിസ്റ്റന്റ് ലേബർ ഓഫീസർ എം.പി പ്രഭാത്, മെഡിക്കൽ സൂപ്രണ്ട് ഡോ.നിഷാദ്, ഡെപ്യൂട്ടി ലേബർ ഓഫീസർ കെ.ജയപ്രകാശ് നാരായണൻ, അസിസ്റ്റന്റ് ലേബർ ഓഫീസർമാരായ എം.എസ്.സുരേഷ്, എ.കെ. വിജുല എന്നിവർ സംസാരിച്ചു.