കോഴിക്കോട്: സമഗ്ര കുടിവെളള പദ്ധതിയായ ‘ജലജീവൻ മിഷൻ്റെ ഭാഗമായി ബാലുശ്ശേരി മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും 2024 ഓടു കൂടി കുടിവെളള വിതരണം സാധ്യമാക്കാൻ കഴിയുമെന്ന് കെ.എം.സച്ചിൻ ദേവ് എം.എൽ എ പറഞ്ഞു. ബാലുശ്ശേരി മണ്ഡലത്തിൽ നടപ്പിലാക്കുന്ന ജലജീവൻ മിഷൻ പദ്ധതി വിശദീകരണ യോഗം ഗൂഗൾ മീറ്റ് വഴി നടത്തുകയായിരുന്നു അദ്ദേഹം.
ബാലുശ്ശേരി ഗ്രാമപഞ്ചായത്തിൽ നിലവിലെ ജപ്പാൻ കുടിവെള്ള പദ്ധതി വിപുലപ്പെടുത്തിയാണ് എല്ലാവർക്കും കുടിവെള്ള കണക്ഷൻ നൽകുന്നത്. നടുവണ്ണൂർ, കോട്ടൂർ ഗ്രാമപഞ്ചായത്തുകൾക്കായി നിലവിലെ ജപ്പാൻ കുടിവെളള പദ്ധതിയുടെ പൈപ്പ് ലൈൻ പ്രയോജനപ്പെടുത്തി കോട്ടൂർ വല്ലോറ മലയിൽ കിഫ്ബി ഫണ്ട് വിനിയോഗിച്ച് നിർമ്മിക്കുന്ന ടാങ്കിൽ വെള്ളമെത്തിക്കും.ഈ ടാങ്കിൽ നിന്നാണ് നടുവണ്ണൂർ കോട്ടൂർ പഞ്ചായത്തുകൾക്ക് ആവശ്യമായ ജല വിതരണം സാധ്യമാക്കുക.
കായണ്ണ, കൂരാച്ചുണ്ട്, ഉള്ളിയേരി, അത്തോളി, നടുവണ്ണൂർ ഗ്രാമപഞ്ചായത്തുകൾക്കായി പെരുവണ്ണാമൂഴി വാട്ടർ അതോറിറ്റിയുടെ കൈവശമുള്ള സ്ഥലത്ത് 100 ദശലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ശുദ്ധീകരണ ടാങ്ക് നിർമ്മിക്കാനാണ് തീരുമാനിച്ചത്. ഉണ്ണികുളം ഗ്രാമപഞ്ചായത്തിൽ കുളിമാടുള്ള ജലസംഭരണിയിൽ നിന്നാണ് ജലവിതരണം സാധ്യമാക്കുക .യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാർ, വാട്ടർ അതോറിറ്റി എഞ്ചിനീയർമാർ എന്നിവർ പങ്കെടുത്തു.