തൃശ്ശൂർ:   കൊടകര ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ പുനര്‍നിര്‍മാണം പൂര്‍ത്തീകരിച്ച അമ്പനോളി പോത്തന്‍ചിറ റോഡ് തുറന്നു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം ആര്‍ രഞ്ജിത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5 ലക്ഷം വകയിരുത്തിയാണ് റോഡ് പുനര്‍നിര്‍മിച്ചത്. വര്‍ഷങ്ങളായി ഈ റോഡിലൂടെയുള്ള യാത്ര ഏറെ ക്ലേശകരമായിരുന്നു.

വര്‍ഷകാലത്ത് പറമ്പുകളില്‍ നിന്നും വെള്ളം ഒഴുകി വന്ന് റോഡിലെ കുഴികളില്‍ നിറഞ്ഞ് തികച്ചും ഗതാഗതയോഗ്യമല്ലാതായി തീര്‍ന്ന സാഹചര്യത്തിലാണ് കൊടകര ബ്ലോക്ക് പഞ്ചായത്ത് ഇടപെട്ട് റോഡ് മണ്ണിട്ട് നിരപ്പാക്കി ടാറിങ് നടത്തി നന്നാക്കിയത്. 4 മീറ്റര്‍ വീതിയില്‍ വഴി പരിസരവാസികള്‍ വിട്ടു നല്കിയതോടെ വെള്ളിക്കുളങ്ങര പി ഡബ്ല്യൂ ഡി റോഡിലേക്കുള്ള ഗതാഗതം സുഗമമായി.

കൂടാതെ തൊഴിലുറപ്പ് പദ്ധതിയിലൂടെ വെള്ളം ഒഴുകി പോകാനുള്ള കോണ്‍ക്രീറ്റ് കാനയും നിര്‍മ്മിച്ചിട്ടുണ്ട്.മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അശ്വതി വിബി, കൊടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷീല ജോര്‍ജ്, സെക്രട്ടറി പി ആര്‍ അജയഘോഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി കെ അസൈന്‍, വാര്‍ഡ് മെമ്പര്‍ വിജില്‍ വി എസ്, അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ആന്‍റണി വട്ടോളി, അസിസ്റ്റന്‍റ് എഞ്ചിനീയര്‍ ജിജിമോള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.